എറണാകുളത്ത് കല്യാണി എന്ന നാലു വയസുകാരിയെ പുഴയില്‍ എറിഞ്ഞു കൊന്നകേസില്‍ പ്രതിയായ അമ്മയെ കോടതി പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടു. വിശദ അന്വേഷണത്തിനാണ് ആലുവ മജിസ്‌ട്രേറ്റ് കോടതി അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടത്. കുഞ്ഞിന്റെ അമ്മ സന്ധ്യയെ ചെങ്ങമനാട് പൊലീസ് സ്റ്റേഷനില്‍ എത്തിക്കും. അതേസമയം, നാലു വയസുകാരിയെ ക്രൂരപീഡനത്തിനിരയാക്കിയതില്‍ പോക്‌സോ കേസില്‍ അറസ്റ്റിലായ അച്ഛന്റെ അടുത്ത വന്ധു കൂടിയായ പ്രതിയെ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചു.
മൂവാറ്റുപ്പുഴ താലൂക്ക് ആശുപത്രിയിലാണ് പ്രതിയുടെ വൈദ്യ പരിശോധന നടത്തുന്നത്.് അമ്മ ചാലക്കുടി പുഴയില്‍ എറിഞ്ഞു കൊന്ന നാലുവയസുകാരി കല്യാണി ക്രൂര ബലാത്സംഗം നേരിട്ടതായാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍്ട്ടിലെ കണ്ടെത്തല്‍. കുഞ്ഞിന്റെ അച്ഛന്റെ അടുത്ത ബന്ധുവാണ് ഈ ക്രൂരത കാട്ടിയത്. സംഭവത്തില്‍ ഇയാളെ പുത്തന്‍കുരിശ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അച്ഛന്റെയും അമ്മയുടെയും വാല്‍സല്യം കിട്ടാതിരുന്ന കുഞ്ഞിനെ അടുപ്പം മുതലെടുത്താണ് വീട്ടില്‍ നിരന്തരം ചൂഷണം ചെയ്തത്. ഇത് പ്രതി സമ്മതിക്കുകയും ചെയ്തു. കുഞ്ഞിന്റെ പോസ്റ്റുമോട്ടത്തിലാണ് ഈ നടുക്കുന്ന വിവരരങ്ങള്‍ പുറത്തുവന്നത്.
കുഞ്ഞിനെ കൊന്നതിന് അമ്മ സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുന്നതിന് തൊട്ടു മുന്‍പാണ് കല്യാണിയുടെ പോസ്റ്റ്‌മോര്‍ട്ടം വിവരങ്ങള്‍ പൊലീസിന് ലഭിക്കുന്നത്. കുഞ്ഞിന്റെ പോസ്റ്റുമോര്‍ട്ടത്തിലെ ആദ്യഘട്ട പരിശോധനയില്‍ തന്നെ ക്രൂര ബലാത്സംഗത്തിന് ഇരയായതായി ഫോറന്‍സിക് സര്‍ജന്‍ കണ്ടെത്തിയിരുന്നു. മരണത്തിന തലേദിവസം പോലും കൂടാതെ നിരന്തരം കുഞ്ഞിനെ ചൂഷണം ചെയ്തിരുന്നുവെന്ന് ഡോക്ടര്‍ പൊലീസിനെ അറിയിച്ചു.
പ്രകൃതിവിരുദ്ധ പീഡനത്തിനും കുഞ്ഞ് ഇരയായി. അതീവ ഗൗരവമായ റിപ്പോര്‍ട്ടിന് പിന്നാലെയാണ് പൊലീസ് ബന്ധുക്കളിലേക്ക് അന്വേഷണം വ്യാപിപിച്ചത്. കുഞ്ഞിനെ സംസ്‌കരിച്ച അന്ന് രാത്രി തന്നെ സ്ത്രീകളുള്‍പ്പെടെയുള്ള അച്ഛന്റെ അടുത്ത ബന്ധുക്കളെ ചോദ്യം ചെയ്തു തുടങ്ങി. പ്രതിയിലേക്ക് സംശയങ്ങള്‍ നീളുന്നതായിരുന്നു പലരുടെയും മൊഴി. ആദ്യഘട്ടത്തില്‍ ഇയാളെ ചോദ്യംചെയ്ത് വിട്ടയച്ചെങ്കിലും ഇന്നലെ മറ്റ് രണ്ടു ബന്ധുക്കള്‍ക്കൊപ്പം വീണ്ടും വിളിച്ചു വരുത്തി വിശദമായി ചോദ്യംചെയ്തു.
തെളിവുകള്‍ ഓരോന്നായി പൊലീസ് നിരത്തിയതോടെയാണ് പ്രതി കുറ്റം സമ്മതിച്ചത്. തനിക്ക് കൈയബദ്ധം പറ്റിയെന്ന് പറഞ്ഞ് പ്രതി പൊട്ടിക്കരയുകയായിരുന്നു. ഏറെ നേരവും ബന്ധുക്കള്‍ക്കൊപ്പമായിരുന്ന കുഞ്ഞിനെ പ്രതി മുതലെടുത്തു് എന്നാണ് പൊലീസിന്റെ നിഗമനം. ബന്ധുക്കളോടായിരുന്നു കുഞ്ഞിന് കൂടുതല്‍ അടുപ്പമെന്ന് അമ്മ പൊലീസിനോട് പറഞ്ഞിട്ടുമുണ്ട്. അന്വേഷണത്തിനായി പുത്തന്‍കുരിശ് ആലുവ ഡിവൈഎസ്പി മാരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.