അനധികൃത പണപ്പിരിവില്‍ ഞെട്ടി : ശബരിമലയിലെ പുണ്യം പൂങ്കാവനം പദ്ധതി നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ്.

Jaihind News Bureau
Friday, February 28, 2025

സര്‍ക്കാര്‍ പദ്ധതിയുടെപേരിലുള്ള അനധികൃത പിരിവില്‍ നടുക്കം രേഖപ്പെടുത്തിയ ഹൈക്കോടതി പദ്ധതി അവസാനിപ്പിക്കാന്‍ ഉത്തരവു നല്‍കി.യ ശബരിമലയിലെ പുണ്യം പൂങ്കാവനം പദ്ധതിയാണ് അവസാനിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവ് നല്‍കിയത്. പദ്ധതിയുടെ പേരില്‍ പണപ്പിരിവ് നടന്നെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഉത്തരവ്. എഡിജിപി എം ആര്‍ അജിത് കുമാറാണ് കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

പൊലീസിന്റെ റിപ്പോര്‍ട്ടില്‍ കോടതി നടുക്കം രേഖപ്പെടുത്തി. റിപ്പോര്‍ട്ടിന്മേല്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. പുണ്യം പൂങ്കാവനം പദ്ധതിയുടെ പേരില്‍ ഭക്തര്‍ വഞ്ചിക്കപ്പെടരുതെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. റിപ്പോര്‍ട്ടിന്മേല്‍ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കോടതിയുടെ നിര്‍ദേശം നല്‍കി. ശബരിമലയിലെ ഭക്തര്‍ക്ക് സുഗമമായ ദര്‍ശനം ഉറപ്പാക്കുന്നതിനുവേണ്ടിയാണ് പുണ്യം പൂങ്കാവനം പദ്ധതി ആരംഭിച്ചത്. പൊലീസിന്റെ നേതൃത്വത്തിലാണ് പുണ്യം പൂങ്കാവനം ശുചീകരണ പരിപാടി നടപ്പാക്കിയിരുന്നത്. എന്നാല്‍ 2021ലാണ് പദ്ധതിയുടെ പേരില്‍ പലരും പണം പിരിക്കുന്നുണ്ടെന്ന വിവരം പുറത്തുവരുന്നത്. ഇന്റലിജന്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിഷയത്തില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടുകയായിരുന്നു. തുടര്‍ന്നാണ് പൊലീസ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയത്.

2011ലാണ് പുണ്യം പൂങ്കാവനം പദ്ധതി ആരംഭിച്ചത്. സന്നിധാനത്തെ ശുചീകരണ യജ്ഞവും ബോധവല്‍ക്കരണവുമായിരുന്നു പദ്ധതിയിലൂടെ നടപ്പാക്കിയിരുന്നത്. പൊലീസിനൊപ്പം മറ്റു സര്‍ക്കാര്‍ വകുപ്പുകളും പദ്ധതിയില്‍ കൈ കോര്‍ത്തിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി പദ്ധതി നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. പിന്നീട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പവിത്രം ശബരിമല എന്ന പദ്ധതിയുമായി രംഗത്തെത്തുകയായിരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷമായി പുണ്യം പൂങ്കാവനം പദ്ധതി നടപ്പാക്കിയിരുന്നില്ല. ഇതിനുപകരമായി പവിത്രം ശബരിമല പദ്ധതിയാണ് നടപ്പാക്കുന്നത്.