സ്വർണ്ണക്കടത്ത് : ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് ചോദ്യംചെയ്യും

Jaihind News Bureau
Monday, November 16, 2020

 

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കസ്റ്റംസ് രജിസ്റ്റർ ചെയ്ത സ്വർണ്ണക്കടത്ത് കേസിൽ  പ്രതിചേർക്കുന്നതിന് മുന്നോടിയായാണ് ചോദ്യം ചെയ്യൽ. കേസിൽ ശിവശങ്കറും പ്രതിയാണെന്ന് സംശയിക്കുന്നതായി കസ്റ്റംസ് പ്രിൻസിപ്പൽ സെഷൻസ് കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. അതിനാൽ കാക്കനാട് ജയിലിൽ വച്ചുള്ള ചോദ്യം ചെയ്യൽ ശിവശങ്കരിനെ സംബന്ധിച്ച് നിർണ്ണായകമാണ്.

രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ചോദ്യം ചെയ്യാനാണ് കോടതി അനുമതി നൽകിയിട്ടുള്ളത്. മുമ്പ് രണ്ട് തവണയായി ഇരുപത് മണിക്കൂറോളം കസ്റ്റംസ് ചോദ്യം ചെയ്തിരുന്നെങ്കിലും കൃത്യമായ മറുപടി നൽകാനോ  സഹകരിക്കാനോ ശിവശങ്കർ തയ്യാറായിരുന്നില്ല.

നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയതിൽ എം. ശിവശങ്കറിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയതായി ഇ ഡിയും കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ശിവശങ്കർ കേസിൽ പ്രതിയാകുമെന്നും ചോദ്യം ചെയ്യല്‍ അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് കസ്റ്റംസ് സെഷൻസ് കോടതിയെ സമീപിച്ചത്.