സ്വർണ്ണക്കടത്ത് : ശിവശങ്കറിനെ കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ടിവരുമെന്ന് ഇ.ഡി

 

കൊച്ചി: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ  കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടി വരുമെന്ന് എന്‍ഫോഴ്സ്മെന്‍റ്. ശിവശങ്കറിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചാല്‍ നിയമപ്രകാരമുള്ള പല നടപടി ക്രമങ്ങളും പൂര്‍ത്തീകരിക്കാനാവില്ലെന്നും ഇ.ഡി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

കേസുമായി ബന്ധപ്പെട്ട്  നിരവധി ഗുരുതര ആരോപണങ്ങളാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയെ  എതിര്‍ത്ത് ഹൈ ക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിൽ ഇ.ഡി ഉന്നയിച്ചത്. സ്വർണ്ണക്കടത്തിന്‍റെ മറവിൽ നടന്ന ഹവാല ബിനാമി ഇടപാടുകളെ കുറിച്ചുള്ള  തെളിവുകള്‍ അന്വേഷിച്ച് കണ്ടെത്തുന്നതിനു ശിവശങ്കറിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും ഇ.ഡി ചൂണ്ടിക്കാട്ടുന്നു. ശിവശങ്കറിന് സ്വപ്നയുമായി വളരെ അടുപ്പമുണ്ട്. സ്വപ്നയ്ക്ക് എല്ലാ ദിവസവും നിരന്തരം വാട്സാപ് വഴി സന്ദേശങ്ങള്‍ അയച്ചിട്ടുണ്ട്. സ്പേസ് പാർക്കിൽ ജോലി ലഭിക്കുന്നതിനായി തന്‍റെ ഔദ്യോഗിക പദവി ഉപയോഗിച്ച് സഹായിച്ചിട്ടുണ്ട്.

സ്വപ്‌ന പണമുണ്ടാക്കിയത് സ്വര്‍ണക്കടത്തിലൂടെയാണെന്ന്  ശിവശങ്കര്‍ അറിയാതിരിക്കാന്‍ സാധ്യതയില്ലെന്നും ഇ.ഡി വ്യക്തമാക്കി. സ്വപ്‌നയ്ക്ക് കമ്മിഷന്‍ ലഭിച്ചതും ശിവശങ്കര്‍ അറിയാന്‍ സാധ്യതയുണ്ട്. സ്വപ്‌ന എല്ലാക്കാര്യങ്ങളും ശിവശങ്കറുമായി വാട്സ് ആപ് വഴി ചര്‍ച്ച ചെയ്തിരുന്നു. ഇതില്‍ കൂടുതല്‍ അന്വേഷണം വേണം. സ്വപ്‌ന 30 ലക്ഷം രൂപ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റിന് കൈമാറിയത് ശിവശങ്കറിന്‍റെ സാന്നിധ്യത്തിലാണെന്നും ഇ ഡി സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നുണ്ട്. നാളെ ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കുന്നുണ്ട്. ശിവശങ്കറിന് കോടതി മുൻകൂർ ജാമ്യം നിഷേധിച്ചാൽ അറസ്റ്റ് നടപടികളിലേക്ക് കടക്കുമെന്നാണ് ഇ.ഡി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

Comments (0)
Add Comment