സ്വർണ്ണക്കടത്ത് കേസില്‍ കൂടുതല്‍ പ്രതിരോധത്തില്‍; ദീര്‍ഘകാല അവധിക്ക് അപേക്ഷ നല്‍കി ശിവശങ്കർ

Jaihind News Bureau
Tuesday, July 7, 2020

 

മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിയതിനു പിന്നാലെ എം.ശിവശങ്കർ ദീര്‍ഘകാല അവധിക്ക് അപേക്ഷ നല്‍കി. 6 മാസത്തെ അവധിക്കാണ് അപേക്ഷ നല്‍കിയത്. സ്വര്‍ണ്ണക്കടത്ത് കേസിലെ ഇടപാടുകാരായ സ്വപ്ന സുരേഷുമായും സരിത്തുമായും അടുത്ത ബന്ധം ഉണ്ടെന്ന തെളിവുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് ശിവശങ്കറിന്‍റെ അവധി അപേക്ഷ.

ശിവശങ്കറിന്  പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്ന വിവരം ജയ്ഹിന്ദ് ന്യൂസായിരുന്നു പുറത്തുകൊണ്ടുവന്നത്.  പ്രതികളായ സരിത്തും സ്വപ്നയും ശിവശങ്കറിനൊപ്പം നിൽക്കുന്ന ചിത്രവും പുറത്തുവന്നിരുന്നു. ശിവശങ്കർ സ്വപ്നയുടെ ഫ്ലാറ്റിലെ നിത്യസന്ദർശകനായിരുന്നെന്ന് അയല്‍വാസികളും ഫ്ലാറ്റിലെ സെക്യൂരിറ്റിയും പ്രതികരിച്ചു.

തിരുവനന്തപുരത്ത് യു.എ.ഇ കോൺസുലേറ്റിലേക്കുള്ള പാഴ്സലില്‍ സ്വർണ്ണം കടത്തിയ കേസിൽ അന്വേഷണം ഐ.ടി വകുപ്പിലേക്ക് നീങ്ങുന്നതിനിടെയാണ് സംഭവത്തിലെ മുഖ്യ ആസൂത്രക ഐ.ടി വകുപ്പിലെ ജീവനക്കാരി സ്വപ്ന സുരേഷും, യു.എ.ഇ കോൺസുലേറ്റ് പി.ആർ.ഒ സരിത്തും ഐ.ടി സെക്രട്ടറിക്കൊപ്പം നിൽക്കുന്ന ചിത്രം പുറത്തു വന്നത്.

നേരത്തെ യു.എ.ഇ കോൺസുലേറ്റിൽ എക്സിക്യൂട്ടീവ് സെക്രട്ടറിയായിരുന്ന സ്വപ്ന നിലവിൽ ഒളിവിലാണ്. ഇവരെ കണ്ടെത്താനായി കസ്റ്റംസ് സംഘം അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കൊച്ചി കസ്റ്റംസിന്‍റെ കസ്റ്റഡിയിലാണ് പിടിയിലാണ് സരിത്ത്.