ശിവന്‍കുട്ടി രാജിവെയ്ക്കണം ; മുഖ്യമന്ത്രിയുടെ നിലപാട് സഭയുടെ അന്തസിന് നിരക്കാത്തത് ; ഓഗസ്റ്റ് നാലിന് സംസ്ഥാന വ്യാപക പ്രതിഷേധം : എംഎം ഹസന്‍

 

തിരുവനന്തപുരം : നിയമസഭ കയ്യാങ്കളിയിൽ മന്ത്രി വി ശിവൻകുട്ടിയുടെ രാജിയിൽ ഉറച്ച് യുഡിഎഫ്. ഓഗസ്റ്റ് 4-ന് യുഡിഎഫ് സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കും. മുട്ടിൽ മരംമുറി കേസിൽ ഗതികെട്ടാണ് സർക്കാർ അറസ്റ്റ് നടത്തിയതെന്നും യുഡിഎഫ് കൺവീനർ എം എം ഹസ്സൻ കുറ്റപ്പെടുത്തി.

നിയമസഭ കയ്യാങ്കളി കേസുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രാജിവെക്കുന്നത് വരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് യുഡിഎഫിൻ്റെ തീരുമാനം. വി ശിവൻകുട്ടിയുടെ രാജിയാവശ്യപ്പെട്ട് ഓഗസ്റ്റ് നാലിന് 140 നിയോജക മണ്ഡലങ്ങളിലും സർക്കാർ ഓഫീസുകളുടെ മുന്നിൽ ധർണ്ണ സംഘടിപ്പിക്കുമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ വ്യക്തമാക്കി. ശിവൻകുട്ടി രാജി വെക്കില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് സഭയുടെ അന്തസിന് ചേരാത്തതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുട്ടിൽ മരംമുറി കേസിൽ സിബിഐ അന്വേഷണം ഒഴിവാക്കാൻ വേണ്ടിയാണ് തിരക്കിട്ടു അറസ്റ്റ് നടത്തിയതെന്നും സർക്കാർ ജുഡീഷ്യൽ അന്വേഷണത്തിന് തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ ഉന്നതർക്ക് പങ്കുണ്ടെന്നും കേസ് ഇഴഞ്ഞു നീങ്ങാൻ കാരണം ഉന്നത ഇടപെടൽ ആണെന്നും എം എം ഹസ്സൻ ആരോപിച്ചു

 

Comments (0)
Add Comment