ശിവശങ്കറിനെ എന്‍.ഐ.എ വീണ്ടും ചോദ്യം ചെയ്യും ; സി.സി ടി.വി ദൃശ്യങ്ങള്‍ നിർണായകം

Jaihind News Bureau
Friday, July 24, 2020

സ്വർണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരനെ എന്‍.ഐ.എ വീണ്ടും ചോദ്യം ചെയ്യും. തിങ്കളാഴ്ച കൊച്ചിയിലെ എന്‍.ഐ.എ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിർദേശം നല്‍കി. ഇന്നലെ അഞ്ച് മണിക്കൂർ ശിവശങ്കറിനെ എന്‍.ഐ.എ ചോദ്യം ചെയ്തിരുന്നു. തിരുവനന്തപുരം പേരൂർക്കട പൊലീസ് ക്ലബ്ബിലായിരുന്നു ചോദ്യം ചെയ്യല്‍.

കേസന്വേഷണത്തില്‍ സെക്രട്ടേറിയറ്റിലെ സി.സി ടി.വി ദൃശ്യങ്ങള്‍ നിർണായകമാകുമെന്നാണ് എന്‍.ഐ.എ സംഘത്തിന്‍റെ വിലയിരുത്തല്‍. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടുണ്ട്. സ്വർ‍ണ്ണം പിടികൂടിയതിന് മുമ്പും ശേഷവുമുള്ള ദൃശ്യങ്ങള്‍ അന്വേഷണത്തില്‍ നിർണായകമാകും. ജൂലൈ 1 മുതല്‍ 12 വരെയുള്ള ദൃശ്യങ്ങള്‍ എന്‍.ഐ.എ സംഘം പരിശോധിക്കും. ഈ ദൃശ്യങ്ങള്‍ ഇടിമിന്നലില്‍ നശിച്ചു എന്നായിരുന്നു നേരത്തെ സർക്കാർ കസ്റ്റംസിന് വിശദീകരണം നല്‍കിയിരുന്നത്.

കേസിലെ ഒന്നാം പ്രതി സരിത് ശിവശങ്കറിനെതിരെ മൊഴി നല്‍കിയിരുന്നു. പ്രതികള്‍ ശിവശങ്കറിനെ കാണാന്‍ ഓഫീസില്‍ എത്തിയിരുന്നോ എന്നത് കണ്ടെത്താനാണ് സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുന്നത്. ശിവശങ്കറിന്‍റെ യാത്രകളും ഫോണ്‍ വിളികളും എന്‍.ഐ.എ സംഘം പരിശോധിക്കും. ഇന്നലെ തുടർച്ചയായി അഞ്ച് മണിക്കൂർ എം ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു. വൈകിട്ട് നാല് മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി 9 മണി വരെ നീണ്ടു. വീണ്ടും ചോദ്യം ചെയ്യുന്നതിലൂടെ കേസുമായി ശിവശങ്കറിനെ ബന്ധിപ്പിക്കുന്ന തെളിവുകള്‍ എന്‍.ഐ.എക്ക് ലഭിച്ചിട്ടുണ്ടാകാമെന്നാണ് സൂചന.