ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ വെടിയേറ്റ് മരിച്ചു

Jaihind Webdesk
Friday, July 8, 2022

ടോക്കിയോ: അക്രമിയുടെ വെടിയേറ്റ് ആശുപത്രിയിലായിരുന്ന ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ (67) മരണത്തിന് കീഴടങ്ങി. തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കവെ ജപ്പാന്‍ സമയം രാവിലെ പതിനൊന്നരയോടെയാണ് നരാ നഗരത്തില്‍ വച്ച് ആബെയ്ക്ക് വെടിയേറ്റത്. അക്രമിയെ പോലീസ് പിടികൂടി.

പാർലമെന്‍റിന്‍റെ ഉപരിസഭയിലേക്ക് ഞായറാഴ്ച നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന്‍റെ പ്രചാരണ യോഗത്തിൽ ആബെ പ്രസംഗിച്ചുകൊണ്ടിരിക്കെ അക്രമി പിന്നിലൂടെയെത്തി വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ് വീണ്‌ അബോധാവസ്ഥയിലായ ആബെയെ ഹെലികോപ്റ്ററിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്. രണ്ട് തവണ വെടിയുതിര്‍ത്തതായാണ് റിപ്പോര്‍ട്ടുകള്‍. ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ആബെയ്ക്ക് ഹൃദയാഘാതം സംഭവിച്ചിരുന്നു.

നരാ നഗരവാസിയായ മുന്‍ പ്രതിരോധസേനാംഗം (മാരിടൈം സെല്‍ഫ് ഡിഫന്‍സ് ഫോഴ്‌സ്) തെത്സുയ യമാഗമി എന്ന നാല്‍പ്പത്തിയൊന്നുകാരനാണ് ആബെയെ നാടന്‍ തോക്ക് ഉപയോഗിച്ച് വെടിവച്ചതെന്ന് റിപ്പോർട്ടുകളുണ്ട്. ഇയാളെ പോലീസ്  അറസ്റ്റ് ചെയ്തു.  ആദ്യം വെടിയൊച്ച കേട്ടെങ്കിലും ആബെ വീണില്ലെന്നും രണ്ടാമത് വലിയൊരു വെടിയൊച്ച കേട്ടതോടെ ആബെ വീഴുന്നതാണ് കണ്ടതെന്നും സ്ഥലത്തുണ്ടായിരുന്ന യുവതി പറഞ്ഞു.

ജപ്പാനില്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായിരുന്ന ഷിന്‍സോ ആബെ 2020 ലാണ് രാജിവെച്ചത്. 2006 ലാണ് ആദ്യമായി പ്രധാനമന്ത്രിയായത്. പിന്നീട് 2012 മുതല്‍ നീണ്ട എട്ടുവര്‍ഷക്കാലം തുടര്‍ച്ചയായി രാജ്യത്തിന്‍റെ പ്രധാനമന്ത്രിയായി. 2020 ല്‍ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് രാജിവെക്കുകയായിരുന്നു. പൈശാചികമായ ആക്രമണമാണ് ആബെയ്‌ക്കെതിരെ ഉണ്ടായതെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ പറഞ്ഞു.

 

https://platform.twitter.com/widgets.js