കടകംപള്ളിയും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും ഒരുമിച്ച്; ഫോട്ടോ പുറത്തുവിട്ട് ഷിബു ബേബി ജോണ്‍, മുഖ്യമന്ത്രിക്ക് ദുരൂഹത തോന്നാത്തതെന്തെന്ന് ചോദ്യം

Jaihind News Bureau
Saturday, December 27, 2025

തിരുവനന്തപുരം: മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ചിത്രം പുറത്തുവിട്ട് ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍. ഈ ഫോട്ടോയില്‍ മുഖ്യമന്ത്രിക്ക് ദുരൂഹത തോന്നാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.

കടകംപള്ളി സുരേന്ദ്രനും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും ഉള്‍പ്പെട്ട ഈ സൗഹൃദ കൂട്ടായ്മയുടെ യഥാര്‍ത്ഥ ഉദ്ദേശം എന്തായിരുന്നുവെന്ന് വ്യക്തമാക്കണമെന്ന് ഷിബു ബേബി ജോണ്‍ ആവശ്യപ്പെട്ടു. ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ സാക്ഷിനിര്‍ത്തി ഇവര്‍ എന്താണ് ചര്‍ച്ച ചെയ്തതെന്ന് കടകംപള്ളിയും സര്‍ക്കാരും ജനങ്ങളോട് പറയണം. സന്ദര്‍ശനം വ്യക്തിപരമാണോ അതോ മറ്റ് അജണ്ടകള്‍ ഇതിന് പിന്നിലുണ്ടോ എന്ന കാര്യത്തില്‍ വ്യക്തത വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മറ്റ് പല കേസുകളിലും ഫോട്ടോകളുടെയും സൗഹൃദങ്ങളുടെയും പേരില്‍ ദുരൂഹത ആരോപിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍, സ്വന്തം സഹപ്രവര്‍ത്തകന്‍ ഉള്‍പ്പെട്ട ഈ ദൃശ്യങ്ങളില്‍ അന്വേഷണം പ്രഖ്യാപിക്കുമോ എന്നറിയാന്‍ തനിക്ക് ആകാംക്ഷയുണ്ടെന്നും ഷിബു ബേബി ജോണ്‍ പരിഹസിച്ചു.