നല്ലനടപ്പിന് പരിഗണിക്കപ്പെട്ട ഷെറിന്‍ ‘സഹതടവുകാരിയെ മര്‍ദിച്ചു’; ഇടത് സര്‍ക്കാരിന്‍റെ മമത

Jaihind News Bureau
Thursday, February 27, 2025

സഹതടവുകാരിയെ മർദിച്ചതിനെ തുടർന്ന് ഭാസ്കര കാരണവർ കേസ് പ്രതി ഷെറിനെതിരെ വീണ്ടും കേസ്. കണ്ണൂർ വനിതാ ജയിലിൽ 24നായിരുന്നു സംഭവം. കുടിവെള്ളം എടുക്കാൻ പോയ സഹതടവുകാരിയായ വിദേശ വനിതയെ ഷെറിനും മറ്റൊരു തടവുകാരിയും ചേർന്ന് മർദിച്ചെന്നാണ് കേസ്. ഷെറിനെതിരെ കണ്ണൂർ ടൗൺ പോലീസ് കേസ്സെടുത്തു. കഴിഞ്ഞ കുറച്ചു നാളുകള്‍ക്ക് മുന്‍പ് ഷെറിന് ശിക്ഷാ ഇളവ് നൽകാൻ തീരുമാനം എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ജയിലിനുള്ളിലെ പുതിയ കേസ്.  ഷെറിന് മാനസാന്തരം വന്നെന്നും നല്ല നടപ്പെന്നും വിലയിരുത്തിയായിരുന്നു കേസില്‍ ഇളവ് നല്‍കാം എന്ന ജയിൽ ഉപദേശക സമിതിയുടെ തീരുമാനം. എന്നാൽ അന്ന് ഇതിനെതിരെ വ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു.

സഹതടവുകാരുമായും ഉദ്യോഗസ്ഥരുമായും ജയിലിൽ പ്രശ്നങ്ങളുണ്ടാക്കിയതിനാൽ നാലു തവണയാണ്  ഷെറിനെ ജയിൽ മാറ്റേണ്ടി വന്നത്. എന്നിട്ടും മറ്റ് തടവുകാർക്ക് കൊടുക്കാത്ത പരിഗണനയാണ് ഷെറിനുള്ളത്.ഭരണപക്ഷത്തിന്‍റെ സ്വാധീനത്താല്‍ ഷെറിനെ ജയിൽ മോചിതയാക്കാനുള്ള മന്ത്രസഭ തീരുമാനം അതി വേഗത്തിലായിരുന്നു. 25 വര്‍ഷത്തിലധികമായി തടവിലുള്ളവരെ വിട്ടയക്കണമെന്ന് ജയിൽ ഉപദേശ സമിതികളുടെ ശുപാര്‍ശകളിൽ തീരുമാനം വന്നിരുന്നു. ഇക്കാരണത്താല്‍ 14 വര്‍ഷം പൂര്‍ത്തിയാക്കിയെന്ന കാരണം പറ‍‍‍ഞ്ഞാണ് ഷെറിനെ മോചിപ്പിക്കാനുള്ള തീരുമാനം ഉണ്ടായത്. ഈ തീരുമാനത്തില്‍ ഒരു മന്ത്രിക്കും പങ്കുണ്ടെന്നും അന്ന് വാർത്തകളില്‍ നിറഞ്ഞിരുന്നു. കണ്ണൂര്‍ ജയിൽ ഉപദേശക സമിതി ഡിസംബറിൽ നൽകിയ ശുപാര്‍ശ പരിഗണിച്ചായിരുന്നു മന്ത്രിസഭാ തീരുമാനം. ഈ തീരുമാനം പിൻവലിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്ത് വന്നിരുന്നു. ഷെറിനെ ജയിലിൽ നിന്ന് പുറത്തിറക്കാൻ മന്ത്രിസഭയിലെ ഏത് ഉന്നതനാണ് ഇടപെട്ടതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.

ചെന്നിത്തല മന്ത്രിയുടെ പേര് പറഞ്ഞില്ലെങ്കിലും ഷെറിനെ മോചിപ്പിക്കാൻ ഇടപെട്ടത് മന്ത്രി കെബി ഗണേഷ് കുമാറിന്‍റെ ഓഫീസാണെന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതി കുമാര്‍ ചാമക്കാല ഒരു ടെലിവിഷന്‍ പരിപാടിയില്‍ ആരോപിച്ചിരുന്നു. ഇതിനെതിരെ ഭാസ്കര കാരണവരുടെ ബന്ധുക്കളും ഗവര്‍ണറെ സമീപിച്ചേക്കും. അഭിഭാഷകനുമായി ആലോചിച്ച് തുടര്‍ നടപടി എടുക്കുമെന്നാണ് ബന്ധുക്കളുടെ പ്രതികരണം. പുറത്ത് ഈ വിഷയവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ കത്തിക്കയറുമ്പോഴും മുഖ്യനും കൂട്ടരും ഇതുവരെ പ്രതികരിക്കാന്‍ തയാറായിട്ടില്ല.