
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് കരുത്തേകാൻ ശശി തരൂർ എംപി മുൻനിരയിലുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും തരൂർ സജീവമായി പ്രചാരണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസിന്റെ അഭിമാനമായ തരൂർ, നൂറിലധികം സീറ്റുകൾ ലക്ഷ്യമിട്ടുള്ള യുഡിഎഫിന്റെ പോരാട്ടത്തിന്റെ പ്രധാന മുഖമായിരിക്കും. രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തിയ തരൂരിനെ എ.കെ ആന്റണി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ഹൃദ്യമായാണ് സ്വീകരിച്ചത്.
താൻ കോൺഗ്രസ് വിടുമെന്ന പ്രചാരണങ്ങളെ ശശി തരൂർ തള്ളിക്കളഞ്ഞു. രാഹുൽ ഗാന്ധിയെ താൻ ഒരിക്കലും എതിർത്തിട്ടില്ലെന്നും രാഷ്ട്രീയം എന്തുതന്നെയായാലും രാജ്യത്തിന്റെ വികസനത്തിനാണ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. വികസന കാര്യങ്ങളിൽ ഗുണപരമായ മാറ്റങ്ങൾ കാണുമ്പോൾ അത് ചൂണ്ടിക്കാട്ടാറുണ്ട്. ഗാന്ധി കുടുംബവുമായുള്ള ബന്ധത്തിൽ വിള്ളലുകളില്ലെന്നും പാർട്ടിയുടെ അച്ചടക്കമുള്ള പ്രവർത്തകനായി മുന്നോട്ടുപോകുമെന്നും തരൂർ വ്യക്തമാക്കി.
നേമത്ത് മത്സരിക്കാമോ എന്ന മന്ത്രി വി. ശിവൻകുട്ടിയുടെ വെല്ലുവിളിക്ക് മറുപടി പറയാനില്ലെന്ന് വി.ഡി സതീശൻ പറഞ്ഞു. ശിവൻകുട്ടിക്ക് ഉയർന്ന സംസ്കാരവും നിലവാരവുമുണ്ടെന്നും തനിക്ക് അതില്ലെന്നും പരിഹാസരൂപേണ അദ്ദേഹം കൂട്ടിച്ചേർത്തു. നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ തന്നെ വേട്ടയാടാനാണ് ശ്രമം നടക്കുന്നത്. എകെജി സെന്ററിൽ നിന്നും മന്ത്രിയുടെ ഓഫീസിൽ നിന്നും തനിക്കെതിരെ സംഘടിതമായ സൈബർ ആക്രമണങ്ങൾ നടക്കുന്നുണ്ടെന്നും തന്നെ ‘തോട്ടയിട്ട് പിടിക്കാനാണ്’ ഇവരൊക്കെ ശ്രമിക്കുന്നതെന്നും സതീശൻ ആരോപിച്ചു.