‘ബ്രേക്ക് ശരിയാക്കാൻ പറ്റില്ല, അതുകൊണ്ട് ഹോണിന്‍റെ ശബ്ദം കൂട്ടിവെച്ചിട്ടുണ്ട്’; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ശശി തരൂർ

Jaihind News Bureau
Monday, February 1, 2021

കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ പരിഹാസവുമായി ശശി തരൂര്‍. കേന്ദ്രത്തിന്‍റെ ബജറ്റ് കേട്ടപ്പോള്‍ ബ്രേക്ക് നന്നാക്കാന്‍ ഗാരേജിലെത്തിയ ഉപഭോക്താവിനോട് മെക്കാനിക്ക് പറഞ്ഞ കാര്യമാണ് ഓര്‍മ വരുന്നതെന്ന് ശശി തരൂര്‍ പറഞ്ഞു. സമ്പദ് വ്യവസ്ഥയ്ക്ക് പ്രയോജനമില്ലാത്ത ബജറ്റാണിതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

‘എനിക്ക് നിങ്ങളുടെ ബ്രേക്ക് നന്നാക്കാന്‍ സാധിച്ചിട്ടില്ല,പകരം ഹോണ്‍ കൂട്ടിവെച്ചിട്ടുണ്ട് എന്ന് ഉപഭോക്താവിനോട് പറഞ്ഞ മെക്കാനിക്കിനെയാണ് ബി.ജെ.പി സര്‍ക്കാര്‍ ഓര്‍മപ്പെടുത്തുന്നത്’ ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

ബജറ്റ് അവതരണത്തിന്‍റെ ആദ്യഘട്ടത്തില്‍ തന്നെ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത കേരളം, പശ്ചിമ ബംഗാള്‍, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ക്ക് വേണ്ടിയുള്ള പദ്ധതികള്‍ നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു.

കേന്ദ്ര ബജറ്റിനെ വിമർശിച്ച് കേരളത്തില്‍ നിന്നുള്ള മറ്റ് എം.പി.മാരും രംഗത്തെത്തി. ബജറ്റ് യഥാർത്ഥ പ്രശ്നങ്ങളെ അഭിമുഖീകരിക്കാത്തത് എന്ന് ബെന്നി ബഹനാൻ എം പി പറഞ്ഞു. അസറ്റ് കൺസ്ട്രക്ഷൻ കമ്പനി രൂപീകരിച്ച് പൊതുമേഖലയെ വിറ്റഴിക്കുന്ന ബജറ്റാണ് ഇതെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം പി. അത്യുത്തേജക പാക്കേജ് എന്ന് പറയാനുതകുന്ന ഒന്നും ബജറ്റിൽ ഇല്ലെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി പറഞ്ഞു. കൊച്ചി മെട്രോ രണ്ടാം ഘട്ടം കേന്ദ്രം മനപൂർവം സർക്കാർ വൈകിപ്പിച്ചു എന്ന് ഹൈബി ഈഡൻ എം പി.