കർഷകസമരത്തിലെ ട്വീറ്റ് : ശശി തരൂരിന്‍റെയും മാധ്യമപ്രവർത്തകരുടെയും അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി ; കേന്ദ്രത്തോട് വിശദീകരണം തേടി

Jaihind News Bureau
Tuesday, February 9, 2021

 

ന്യൂഡൽഹി : റിപ്പബ്ളിക് ദിനത്തിൽ നടന്ന കർഷകസമരവുമായി ബന്ധപ്പെട്ട് ശശി തരൂർ ഉള്‍പ്പെടെയുള്ളവർക്കെതിരായ കേസില്‍ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതിയുടെ ഇടപെടല്‍. കേസുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് പൊലീസിനും ഡല്‍ഹി പൊലീസിനും കോടതി നോട്ടീസയച്ചു. കേന്ദ്രത്തോടും വിശദീകരണം തേടി. രണ്ടാഴ്ചക്കുള്ളിൽ നോട്ടീസിന് മറുപടി നൽകണം. രാജ്യദ്രോഹ കേസിനെതിരെ ശശി തരൂരും മാധ്യമ പ്രവർത്തകരും നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ നടപടി.

ശശി തരൂർ എം.പി, മാധ്യമപ്രവർത്തകരായ രാജ്‌ദീപ് സർദേശായി, വിനോദ് കെ ജോസ്, മൃണാല്‍ പാണ്ഡെ,  സഫർ അഘ, പരേഷ് നാഥ്, അനന്ത് നാഥ് എന്നിവരുടെ അറസ്റ്റാണ് സുപ്രീം കോടി തടഞ്ഞത്. കേസ് രണ്ടാഴ്‌ചയ‌്ക്ക് ശേഷം വീണ്ടും പരിഗണിക്കും. റിപ്പബ്ലിക് ദിനത്തിൽ കർഷകരും പൊലീസും തമ്മിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ചാണ് ശശി തരൂർ അടക്കമുള്ളവർക്കെതിരെ ഉത്തർപ്രദേശ് പൊലീസ് കേസെടുത്തത്. ഡല്‍ഹി, മധ്യപ്രദേശ്, ഹരിയാന, കര്‍ണടാക പൊലീസുകളും കേസെടുത്തിരുന്നു. ഇതിനെതിരെയായിരുന്നു ശശി തരൂര്‍ ഉള്‍പ്പടേയുള്ളവര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

ചീഫ് ജസ്‌റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് തരൂരിന്‍റെയും ആറ് മാധ്യമപ്രവർത്തകരുടെയും അറസ്‌റ്റ് തടഞ്ഞത്. ഡൽഹി പൊലീസിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഹാജരായപ്പോള്‍ പ്രതിഭാഗത്തിനായി കപിൽ സിബൽ ഹാജരായി. കേസ് വിശദമായി പരിശോധിച്ച ശേഷം നിലപാട് അറിയിക്കാമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.