രാഷ്ട്രീയ വേട്ടയാടലിന് നീതിപീഠത്തിന്‍റെ തിരിച്ചടി : ശശി തരൂരിനെതിരായ കള്ളക്കേസ് കോടതി തള്ളി : പ്രതിയോഗികള്‍ക്കെതിരായ വിജയം

Jaihind Webdesk
Wednesday, August 18, 2021

സുനന്ദ പുഷ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ശശി തരൂർ എംപിയെ ഡല്‍ഹി റോസ് ഹൌസ് കോടതിയാണ് കുറ്റവിമുക്തനാക്കിയത്. പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയത് കേസ് കെട്ടിചമച്ച ബിജെപിക്കും കേന്ദ്രസർക്കാരിനും ധാർമ്മികമായ തിരിച്ചടിയാണ്. കേസ് അവസാനിപ്പിക്കണമെന്ന തരൂരിന്‍റെ ആവശ്യമാണ് കോടതി അംഗീകരിച്ചത്. തരൂരിനെതിരെ ആത്മഹത്യ പ്രേരണാകുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന കോടതിയുടെ കണ്ടെത്തല്‍ തന്‍റെ പ്രതിയോഗികള്‍ക്ക് നേരെയുള്ള ശശി തരൂരിന്‍റെ വിജയമാണ്.

2014 ജനുവരി 17 നാണ് അമിതമായി മരുന്ന കഴിച്ച് സുനന്ദ പുഷ്കറിനെ ഡല്‍ഹിയിലെ ലീല ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടർന്ന് 2014 ലെ പാർലമെന്‍റ് തെരഞ്ഞെടുപ്പില്‍ ബിജെപിയും ശത്രുപക്ഷവും ഈ വഷയം ശശി തരൂരിനെതിരെ പ്രചരണ വിഷയമാക്കിയെങ്കിലും ജനങ്ങളുടെ കോടതി ശശി തരൂരിനെ കൈവിട്ടില്ല. 2015 ജനുവരി ആറിനാണ് സുനന്ദ പുഷ്കറിന്‍റെ മരണത്തില്‍ കൊലപാതകത്തിന് പൊലീസ് കേസെടുത്ത് അന്വഷണം ആരംഭിക്കുന്നത്. തുടർന്ന് അദ്ദേഹത്തെ അപമാനിക്കാനും അവഹേളിക്കാനുമാണ് അന്വേഷണ ഏജന്‍സി വഴി കേന്ദ്ര സർക്കാർ ശ്രമിച്ചത്. ചില ദേശീയ മാധ്യമങ്ങളും ശശി തരൂരിനെ വേട്ടയാടി.

ബിജെപിക്കെതിരെ പാർലമെന്‍റിനകത്തും പുറത്തും ശക്തമായ നിലപാട് സ്വീകരിച്ചതിനാണ് ഈ വേട്ടയാടുലുകള്‍ക്ക് കാരണം. 2018 മേയ് 15 നാണ് തരൂരിനെതിരെ ആത്മഹത്യ പ്രേരണാകുറ്റം ചുമത്തി ഡല്‍ഹി പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.  തട്ടിക്കൂട്ട് കുറ്റപത്രമാണിതെന്ന് അന്ന് തന്നെ വിമർശനം ഉയർന്നിരുന്നു. ഒടുവില്‍ സത്യം വിജയിച്ചു. ഏഴുവർഷത്തെ പീഡന പരമ്പര ശശി തരൂരിനെ കുറ്റവിമുക്തനാക്കിയതോടെ അവസാനിച്ചു. അമിത് ഷായുടേയും മോദിയുടേയും ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും പ്രയോഗിച്ചിട്ടും ശശി തരൂരിനെ തൊടാനായില്ല.