‘ഫ്‌ളൈ വിത്ത് ഇന്‍കാസി’ലേക്ക് ഷാര്‍ജ ഇന്‍കാസ് തൃശൂര്‍ കമ്മിറ്റിയും : സാമ്പത്തിക ദുരിതം അനുഭവിക്കുന്ന കുടുംബത്തിന് ടിക്കറ്റുകള്‍ കൈമാറി

Jaihind News Bureau
Wednesday, June 24, 2020

ഷാര്‍ജ : ഇന്‍കാസ് യുഎഇ കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ‘ഫ്‌ളൈ വിത്ത് ഇന്‍കാസ് ‘  പദ്ധതിയിലേക്ക്
ഇന്‍കാസ് ഷാര്‍ജ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി, ടെല്‍കോണ്‍ ഗ്രൂപ്പ് ഷാര്‍ജയുമായി സഹകരിച്ചുകൊണ്ട് നല്‍കുന്ന 100 ടിക്കറ്റുകളുടെ സംഭരണം പുരോഗമിക്കുകയാണ്. സാമ്പത്തിക ക്ലേശം അനുഭവിക്കുന്ന പ്രവാസികള്‍ക്ക് സൗജന്യ ടിക്കറ്റ് നല്‍കുന്ന പദ്ധതിയാണ് ഫ്‌ളൈ വിത്ത് ഇന്‍കാസ്.

പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തലയുടെ ആഹ്വാനം ഏറ്റെടുത്ത് ഷാര്‍ജ ഇന്‍കാസ്, തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി 100 ടിക്കറ്റുകള്‍ നല്‍കാന്‍ മുന്നോട്ട് വരുകയായിരുന്നു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ നടന്ന ചടങ്ങില്‍
തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി സംഭരിച്ച ടിക്കറ്റുകളില്‍ നിന്ന് , സാമ്പത്തിക ദുരിതം അനുഭവിക്കുന്ന ഒരു കുടുംബത്തിലെ മൂന്നു അംഗങ്ങള്‍ക്ക് ടിക്കറ്റുകള്‍ കൈമാറി. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട്  ഇ. പി. ജോണ്‍സണ്‍, ഇന്‍കാസ് കേന്ദ്ര -സംസ്ഥാന ഭാരവാഹികളുടെ സാന്നിധ്യത്തില്‍ യാത്രക്കാര്‍ക്ക് ടിക്കറ്റുകള്‍ വിതരണം ചെയ്തു.

ഷാര്‍ജ ഇന്‍കാസിന്റെ സീനിയര്‍ പ്രവര്‍ത്തകന്‍ എസ്. ഐ അക്ബര്‍ സ്‌പോണ്‍സര്‍ ചെയ്ത ടിക്കറ്റുകളാണ് നല്‍കിയത്. കൊവിഡ് ദുരന്തവുമായി ബന്ധപ്പെട്ട് ഇന്‍കാസ് കേന്ദ്ര കമ്മിറ്റി, ഇതിനകം 80 സൗജന്യ ടിക്കറ്റുകള്‍ നല്‍കി.  അവശതയനുഭവിക്കുന്നവര്‍ക്ക് വേണ്ടിയുള്ള ടിക്കറ്റ് വിതരണവുമായ് ഇന്‍കാസ് ഇനിയും മുന്നോട്ടുപോകുമെന്ന് കേന്ദ്ര കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് ടി. എ. രവീന്ദ്രന്‍ പറഞ്ഞു. വിവിധ ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി വിശദീകരിച്ചു. ജില്ലാ കമ്മിറ്റി പ്രസിഡണ്ട് കെ. എം. മനാഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഷാര്‍ജ പ്രസിഡണ്ട് അഡ്വക്കേറ്റ് വൈ. എ. റഹീം, ഐ എ എസ് ജനറല്‍ സെക്രട്ടറി അബ്ദുള്ള മല്ലശ്ശേരി, ചന്ദ്രപ്രകാശ് ഇടമന , വര്‍ക്കിംഗ് പ്രസിഡണ്ട് ബിജു എബ്രഹാം, ഷിബിലി,  കോഓര്‍ഡിനേറ്റര്‍ ഇ. വൈ. സുധീര്‍, എസ്. ഐ. അക്ബര്‍, സാം, തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷാന്റി തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.