ഷാര്‍ജ തീപിടിത്തത്തില്‍ പരുക്കേറ്റവര്‍ സുഖംപ്രാപിക്കുന്നു: കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്ക് താമസം ഹോട്ടലില്‍; കത്തിനശിച്ചവയില്‍ ആഡംബര കാറുകളും, നാശനഷ്ടം ലക്ഷങ്ങള്‍

Wednesday, May 6, 2020

 

ദുബായ് : യുഎഇയിലെ ഷാര്‍ജ അല്‍ നഹ്ദയിലെ ബഹുനില താമസ കെട്ടിടത്തിലുണ്ടായ വന്‍ അഗ്‌നിബാധയില്‍ ഒമ്പത് പേര്‍ക്ക് പരുക്കേറ്റു. മലയാളികള്‍ ഉള്‍പ്പടെ നിരവധി വിദേശികള്‍ താമസിക്കുന്ന കെട്ടിടമാണിത്. അതേസമയം, അഗ്നിബാധയില്‍ കിടപ്പാട്ടം നഷ്ടപ്പെട്ടവര്‍ക്ക് ഹോട്ടലില്‍ ഭക്ഷണവും താമസവും ഒരുക്കി. ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചു. ഔദ്യോഗിക കണക്ക് ലഭ്യമായി വരുന്നുള്ളൂ.

ഷാര്‍ജ അല്‍ നഹ്ദ മേഖലയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടങ്ങളില്‍ ഒന്നാണ്, അബ്‌കോ ടവര്‍. ചൊവാഴ്ച രാത്രിയിലാണ്, തീപിടിച്ചത്. തീപിടിത്തത്തിന്റെ കാരണം ഇനിയും വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തില്‍ ഒമ്പത് പേര്‍ക്ക് നിസാര പരുക്കേറ്റു. ഇതില്‍ ഇന്ത്യക്കാരും ഉണ്ടെന്ന് സൂചനകളുണ്ട്. അമ്പതോളം നിലകളുള്ള കൂറ്റന്‍ കെട്ടിടത്തില്‍ നിന്ന്, തീ ആളിക്കത്തിയതോടെ, നിരവധി ഫ്‌ളാറ്റുകള്‍ പൂര്‍ണ്ണമായി കത്തിചാമ്പലായി. കെട്ടിടത്തിന്റെ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങള്‍ കത്തിനശിച്ചു. പത്താമത്തെ നിലയില്‍ നിന്ന് ആരംഭിച്ച തീ, മുകളിലേയ്ക്ക് കത്തി പടരുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.

അഗ്നിബാധയില്‍ കിടപ്പാട്ടം നഷ്ടപ്പെട്ടവര്‍ക്ക് ഹോട്ടലില്‍ ഭക്ഷണവും താമസവും ഒരുക്കി. വിവിധ ഹോട്ടലുകളിലായാണ് പലരെയും താമസിപ്പിച്ചിട്ടുള്ളത്. എമിറേറ്റ്‌സ് റെഡ് ക്രസന്റ്, ഷാര്‍ജ ചാരിറ്റി അസോസിയേഷന്‍ എന്നിവയുമായി സഹകരിച്ച് ആറ് ബസുകളിലായി വാടകക്കാരെ ഷാര്‍ജയിലെ ഹോട്ടലുകളിലേക്ക് മാറ്റി. സംഭവത്തെ തുടര്‍ന്ന്, ചൊവാഴ്ച രാത്രിയില്‍ ചിലര്‍ കാറുകളില്‍ കിടന്നുറങ്ങി. കൊവിഡ് സമയം കൂടിയായതിനാല്‍, കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്ക് ആശങ്ക ഏറെയായിരുന്നു. കെട്ടിടത്തിന്റെ ഉടമ, വാടകക്കാരുടെ താമസത്തിനായി പണം നല്‍കാമെന്ന് സമ്മതിച്ചതായും അറിയുന്നു. ഏറെ മലയാളികള്‍ താമസിക്കുന്ന മേഖലയായ, അല്‍ നഹ്ദയില്‍ , സുവര്‍ണ്ണ നിറത്തില്‍, തലഉയര്‍ത്തി നില്‍ക്കുന്ന ഏറ്റവും ഉയരം കൂടിയ കെട്ടിടങ്ങളില്‍ ഒന്നാണ് അബ്‌കോ ടവര്‍.