ലുലു ഗ്രൂപ്പില്‍ തുടര്‍ച്ചയായി എട്ടാം വര്‍ഷവും ‘ഷെയറിങ് ഈസ് കെയറിങ് ‘: റമസാന്‍ ജീവകാരുണ്യ പദ്ധതിയിലൂടെ നിര്‍ധന കുട്ടികള്‍ക്ക് വിദ്യാഭ്യാസം

Jaihind News Bureau
Wednesday, April 29, 2020

 

ദുബായ് : കൊവിഡ് പകര്‍ച്ചവ്യാധി മൂലം വിദ്യാഭ്യാസ അടിയന്തരാവസ്ഥ നേരിടുന്ന വികസ്വര രാജ്യങ്ങളിലെ കുട്ടികള്‍ക്കും യുവാക്കള്‍ക്കും ആശ്വാസമായി ലുലു ഗ്രൂപ്പ് ഇന്റര്‍നാഷ്ണല്‍ രംഗത്ത്. ദുബായ് ഗവര്‍മെന്റിന് കീഴിലെ ദുബായ് കെയേഴ്‌സ് എന്ന ജീവകാരുണ്യ പദ്ധതിയുമായി സഹകരിച്ചാണിത്. ഇതിന്റെ ഭാഗമായി ഈ റമസാനില്‍ ഷെയറിങ് ഈസ് കെയറിങ് എന്ന പേരില്‍ ലുലു ആരംഭിച്ച ഡോണേഷന്‍ ഡ്രൈവിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഇത് തുടര്‍ച്ചയായി എട്ടാം വര്‍ഷമാണ് ലുലു ഇതില്‍ പങ്കാളികളാകുന്നതെന്ന് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷ്ണല്‍ ഡയറക്ടര്‍ സലിം എം എ പറഞ്ഞു. മെയ് 26 വരെ ലുലുവില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നവരില്‍ നിന്നുള്ളവരുടെ കൂടി പങ്കാളിത്തം ഉറപ്പാക്കിയാണ് ഈ ജീവകാരുണ്യ പ്രവര്‍ത്തനം. 2013 മുതല്‍ ലുലു ഉപഭോക്താക്കളുടെ പിന്തുണയോടെ അഞ്ചര ലക്ഷം ദിര്‍ഹം ദുബായ് കെയേഴ്‌സിന് സംഭാവന ചെയ്തു. ദുബായ് കെയറിന്റെ വിദ്യാഭ്യാസ പരിപാടികളെ ലുലു പിന്തുണയ്ക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്ന്,  ദുബായ് കെയേഴ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. താരിഖ് അല്‍ ഗുര്‍ഗ് പറഞ്ഞു. വെല്ലുവിളി നിറഞ്ഞ പുതിയ കാലഘട്ടത്തില്‍, വിദ്യാഭ്യാസം തടസ്സം ഇല്ലാതെ തുടരാന്‍, ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്ന് സലിം എം എ ദുബായില്‍ ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.