ഷാനിമോൾ ഉസ്മാൻ അരൂരില്‍ യുഡിഎഫ്‌ സ്ഥാനാർഥിയായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

Jaihind News Bureau
Monday, September 30, 2019

അരൂർ നിയമസഭ മണ്ഡലം യുഡിഎഫ്‌ സ്ഥാനാർഥി ഷാനിമോൾ ഉസ്മാൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. യുഡിഎഫ്‌ നേതാക്കൾക്കും പ്രവർത്തകർക്കും ഒപ്പം എത്തിയാണ് ഉപവരണാധികാരിയായ പട്ടണക്കാട് ബിഡിഒയ്ക്ക് മുന്നിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. തെരഞ്ഞെടുപ്പിൽ വൻ വിജയം നേടുമെന്നും, യുഡിഎഫ്‌ വിശ്വാസികൾക്കൊപ്പമെന്നും ഷാനിമോൾ ഉസ്മാൻ പറഞ്ഞു.

രാവിലെ കുത്തിയതോട് പഞ്ചായത്ത്‌ ഓഫീസ് അങ്കണത്തിലെ ഗാന്ധിപ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചന നടത്തിയ ശേഷം 11:30ഓടു കൂടിയാണ് അരൂർ നിയമസഭാമണ്ഡലത്തിലെ യുഡിഎഫ്‌ സ്ഥാനാർഥി ഷാനിമോൾ ഉസ്മാൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. ഉപവരണാധികാരിയായ പട്ടണക്കാട് ബിഡിഒ ആർ അജയകുമാറിന് മുന്നിൽ രണ്ട് സെറ്റ് പത്രികയാണ് സ്ഥാനാർഥി നൽകിയത്. ശബരിമല ഉൾപ്പടെയുള്ള വിഷയങ്ങൾ തെരഞ്ഞെടുപ്പിൽ ചർച്ച ആകുമെന്നും യുഡിഎഫ്‌ വിശ്വാസികൾക്കൊപ്പമാണെന്നും ഷാനിമോൾ ഉസ്മാൻ പറഞ്ഞു.

മഹിളാ കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്‍റ്‌ ലതിക സുഭാഷ്, ആലപ്പുഴ ഡിസിസി പ്രസിഡന്‍റ് എം ലിജു, കൊല്ലം ഡിസിസി പ്രസിഡന്‍റ്‌ ബിന്ദു കൃഷ്ണ, മുൻ എംഎൽഎ മാരായ ജോസഫ് വാഴയ്ക്കൻ, എം മുരളി, കെപിസിസി ജനറൽ സെക്രട്ടറിമാരായ സിആർ ജയപ്രകാശ്, അഡ്വ സജീവ് ജോസഫ് തുടങ്ങിയ നേതാക്കൾക്കും പ്രവർത്തകർക്കമൊപ്പം എത്തിയാണ് ഷാനിമോൾ ഉസ്മാൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. അതേസമയം അരൂർ നിയോജക മണ്ഡലം യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഒക്ടോബർ രണ്ടിന് വൈകുന്നേരം 3 മണിക്ക് തുറവുർ ശ്രീകൃഷ്ണ ഓഡിറ്റോറിയത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.