‘ഇതു ആദ്യ അനുഭവമല്ല’; ഷക്കീലക്ക് അനുവാദം ഇല്ല ; ട്രെയ് ലര്‍ ലോഞ്ച് റദ്ദാക്കി

Jaihind Webdesk
Saturday, November 19, 2022

കോഴിക്കോട്:  ഒമർ ലുലു സംവിധാനം ചെയ്ത ‘നല്ല സമയം’ എന്ന സിനിമയുടെ ട്രെയ്‌ലർ ലോഞ്ച് കോഴിക്കോട് ഹൈലൈറ്റ് മാള്‍ അധികൃതര്‍ അവസാനനിമിഷം റദ്ദാക്കിയത് ഏറെ ചർച്ച ചെയ്യപ്പെടുകയാണ്. നടി ഷക്കീല പങ്കെടുക്കുന്നതിനാലാണ് ട്രെയ്‌ലർ ലോഞ്ച് തടഞ്ഞത് എന്ന ആരോപണം ഉയരുകയാണ്.  സുരക്ഷാപ്രശ്നങ്ങളുണ്ടെന്ന് മാളുകൾ പറഞ്ഞതായി ഒമർലുലു വിഡിയോയിലൂടെ അറിയിച്ചു.

‘ചേച്ചിയാണ് അതിഥി എന്നറിഞ്ഞപ്പോൾ തന്നെ മാള്‍ അധികൃതര്‍  ചെറിയ പ്രശ്നങ്ങൾ പറഞ്ഞു  തുടങ്ങി. ഒടുവിൽ അവർ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി നടക്കില്ലെന്ന് പറഞ്ഞു. ഞങ്ങൾ മാത്രമാണെങ്കിൽ പരിപാടി നടത്താമെന്ന് അവർ പറഞ്ഞു. പക്ഷേ ചേച്ചിയെ വിളിച്ചുവരുത്തിയിട്ട് ഞങ്ങൾ മാത്രം പോകുന്നത് തെറ്റാണ്. അതുകൊണ്ട് ഞങ്ങൾ ആ പരിപാടി തന്നെ വേണ്ടെന്ന് വച്ചുവെന്ന് ഒമര്‍ ലുലു പങ്കുവെച്ച വീഡിയോയിലൂടെ പറഞ്ഞു.

അതേസമയം, ഇത് തനിക്ക് ആദ്യ അനുഭവമല്ലെന്ന് ഷക്കീല പറഞ്ഞു. ‘കാലാകാലങ്ങളായി ഞാൻ അനുഭവിച്ചുവരുന്നതാണ്. കോഴിക്കോട് വരുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ നിരവധിപ്പേർ എനിക്ക് നിരവധി മെസേജുകൾ അയച്ചിരുന്നു. പക്ഷേ ഇപ്പോൾ ആരെയും കാണാനാകില്ല. വളരെ വിഷമം ഉണ്ട്. നിങ്ങളാണ് എന്നെ ഈ പദവിയിലേക്ക് എത്തിച്ചത്. എന്നിട്ട് എന്തുകൊണ്ട് എന്നെ അംഗീകരിക്കുന്നില്ല എന്ന് മനസ്സിലാകുന്നില്ല.’– ഷക്കീല പറഞ്ഞു.
ഫേസ്ബുക്കിലൂടെ  ഒമർ ലുലുവിനൊപ്പമാണ് ഷക്കീല പ്രതികരണവുമായി എത്തിയത്.