ചാണ്ടി ഉമ്മനായി കെഎസ്‌യുവിന്‍റെ ബൈക്ക് റാലി; അപ്രതീക്ഷിതമായി കടന്നുവന്ന് തരൂർ, ചെണ്ടമേളത്തിന് ചുവടുവെച്ചതോടെ ആവേശപ്പൂരം

Jaihind Webdesk
Saturday, September 2, 2023

 

കോട്ടയം: യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന് വോട്ട് അഭ്യർത്ഥിച്ചുകൊണ്ട് കെഎസ്‌യുവിന്‍റെ നേതൃത്വത്തിൽ പുതുപ്പള്ളിയിൽ ബൈക്ക് റാലി സംഘടിപ്പിച്ചു. റാലിയിലേക്ക് കോൺഗ്രസ് പ്രവർത്തകസമിതി അംഗം ശശി തരൂരിന്‍റെ വരവ് പ്രവർത്തകർക്ക് കൂടുതൽ ആവേശം പകർന്നു.

ശക്തമായ മഴയിലും ആവേശം ഒട്ടും ചോരാതെയാണ് കെഎസ്‌യുവിന്‍റെ ബൈക്ക് റാലി നടന്നത്. റാലിയിൽ അപ്രതീക്ഷിതമായാണ കോൺഗ്രസ് പ്രവർത്തകസമിതി അംഗം ശശി തരൂരിന്‍റെ കടന്നുവരവ്. ഉമ്മൻചാണ്ടിയുടെ കബറിടം സന്ദർശിച്ചു മടങ്ങവെയാണ് ശശി തരൂർ പ്രവർത്തകരുമായി അല്‍പനേരം ചെലവഴിച്ചത്. ചെണ്ടമേളത്തിന്‍റെ അകമ്പടിയിൽ ശശി തരൂരും പ്രവർത്തകർക്കൊപ്പം ചുവടുവെച്ചു.

കേരള വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയാണ് ഉമ്മൻ ചാണ്ടി വളർന്നുവന്നതെന്നും,ചാണ്ടി ഉമ്മന്‍റെ വിജയത്തിനു വേണ്ടി കേരള വിദ്യാർത്ഥി പ്രസ്ഥാനം മണ്ഡലത്തിൽ സജീവമാണെന്നും വലിയ ഭൂരിപക്ഷത്തിൽ ചാണ്ടി ഉമ്മൻ വിജയിക്കുമെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവർ പറഞ്ഞു.

കെഎസ്‌യു മുൻ സംസ്ഥാന പ്രസിഡന്‍റ് കെ.എം. അഭിജിത്ത്, കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്‍റ് മുഹമ്മദ് ഷമ്മാസ്, സംസ്ഥാന സെക്രട്ടറി ആൻ സെബാസ്റ്റ്യൻ തുടങ്ങി ജില്ലയുടെയും സംസ്ഥാനത്തിന്‍റെയും വിവിധ പ്രദേശങ്ങളിൽ നിന്നുള്ള നൂറുകണക്കിന് പ്രവർത്തകരാണ് റാലിയിൽ പങ്കെടുത്തത്.