കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിലെ ഷഹീന്‍ ബാഗ് സമരപ്പന്തല്‍ തകർത്തു ; പിന്നില്‍ എസ്.എഫ്.ഐയെന്ന് ആരോപണം

Jaihind News Bureau
Wednesday, February 19, 2020

കാലിക്കറ്റ് സർവകലാശാല ക്യാമ്പസിലെ ഷഹീൻ ബാഗ് സമര പന്തൽ തകർത്തു. ഇന്ന് രാവിലെയാണ് ബാനറുകളും ബോർഡുകളും ഉൾപ്പെടെ നശിപ്പിച്ചത്. സമരപ്പന്തൽ തകർത്തത് എസ്.എഫ്.ഐ പ്രവർത്തകർ എന്ന് വിദ്യാർത്ഥികൾ ആരോപിച്ചു.

കഴിഞ്ഞ ആറ് ദിവസമായി ഷഹീന്‍ ബാഗ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിനുള്ളിൽ നടത്തിവന്നിരുന്ന സമരപ്പന്തൽ ആണ് തകർക്കപ്പെട്ടത്. വിവിധ വിദ്യാർത്ഥി സംഘടനകളുടെ പിന്തുണയോട് കൂടിയാണ് സമരം നടത്തി വന്നിരുന്നത്. സമര സ്ഥലം മാറ്റണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ പ്രവർത്തകർ സമര സമിതി പ്രവർത്തകരുമായി ഇന്നലെ വാക്കേറ്റം നടത്തിയിരുന്നു.

എസ്.എഫ്.ഐ പ്രവർത്തകരാണ് സംഭവത്തിന് പിന്നിലെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. തുടക്കം മുതൽ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സമരത്തോട് അസഹിഷ്ണുത പ്രകടിപ്പിച്ചിരുന്നതായും സമരക്കാർ ആരോപിക്കുന്നു.