ഷഹബാസ് താമരശ്ശേരിയോടു വിടപറഞ്ഞു; തലയോട്ടി തകര്‍ന്നത് മരണകാരണം

Jaihind News Bureau
Saturday, March 1, 2025

വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ഷഹബാസിന്റെ സംസ്‌കാരം നടത്തി. താമരശ്ശേരിയിലെ ചുങ്കം ടൗണ്‍ ജുമാ മസ്ജിദിലാണ് ഖബറടക്കിയത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയ മൃതദേഹം കെടവൂരിലെ മദ്രസയില്‍ പൊതുദര്‍ശത്തിന് വച്ചു. അതിനു ശേഷമാണ് മസ്ജിദില്‍ എത്തിച്ചത്.
ഷഹബാസിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ വലിയ ജനക്കൂട്ടമാണ് വീട്ടിലേക്ക് ഒഴുകിയെത്തിയത്.

സഹപാഠികളുടെ മര്‍ദനമേറ്റ് മരിച്ച ഷഹബാസിന്റെ തലയോട്ടി തകര്‍ന്നിരുന്നതായാണ്് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. കട്ടിയുള്ള ആയുധം പോലെ എന്തോ ഉപയോഗിച്ചുള്ള പ്രഹരമാണ് മരണകാരണമായ പരിക്കുണ്ടാക്കിയത്. മാരകമായ അടിയില്‍ വലതു ചെവിയുടെ മുകളിലെ തലയോട്ടി തകര്‍ന്നു. ഇതിലൂടെ ഉണ്ടായ രക്തസ്രാവം തലച്ചോറില്‍ പോലും എത്തി. നഞ്ചക്ക് പോലെയുള്ള ഉപകരണമാവാം ഇതിനായി ഉപയോഗിച്ചതെന്നും വിലയിരുത്തപ്പെടുന്നു.

ഷഹബാസ് വധക്കേസില്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കിയ അഞ്ചു വിദ്യാര്‍ഥികളെ ഒബ്‌സര്‍വേഷന്‍ ഹോമിലേക്ക് വിട്ടു. ഇവര്‍ക്ക് പരീക്ഷ എഴുതാന്‍ അവസരം നല്‍കിയേക്കും. എളേറ്റില്‍ എംജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയാണ് മരിച്ച മുഹമ്മദ് ഷഹബാസ്. ട്യൂഷന്‍ സെന്ററിലെ യാത്രയയപ്പിനെത്തുടര്‍ന്നുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. സംഭവത്തില്‍ തലയ്കക്കു ഗുരുതരമായി പരിക്ക് പറ്റുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ആയിരുന്നു. നില വഷളായതിനെ തുടര്‍ന്ന് പിന്നീട് വെന്റിലേറ്ററിലേക്ക് മാറ്റി.

ട്യൂഷന്‍ സെന്ററിലെ യാത്രയയപ്പിനിടെ ഉണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. ട്യൂഷന്‍ സെന്ററിലെ ഫെയര്‍വെല്‍ പാര്‍ട്ടിക്ക് ഡാന്‍സ് കളിച്ച എംജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കുട്ടികളെ താമരശ്ശേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഏതാനും വിദ്യാര്‍ഥികള്‍ കൂകി കളിയാക്കിയതാണ് പ്രശ്നങ്ങള്‍ക്കു തുടക്കം. തര്‍ക്കത്തിന് പിന്നാലെ റോഡില്‍ വച്ച് രണ്ട് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. ഇവിടെ വച്ച് ട്യൂഷന്‍ അദ്ധ്യാപകര്‍ ശാന്തരാക്കി തിരിച്ചയച്ചെങ്കിലും കുട്ടികളുടെ വൈരാഗ്യം മാറിയിരുന്നില്ല. പകരംവീട്ടാനാണ് വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കുകയും കൂടുതല്‍ കുട്ടികളെ വിളിച്ചു വരുത്തി പരസ്പരം ഏറ്റുമുട്ടുകയും ചെയ്തത്.

ഷഹബാസ് ഈ ട്യൂഷന്‍ സെന്ററിലെ വിദ്യാര്‍ഥി അല്ല എന്നതാണ് വേദനിപ്പിക്കുന്ന കാര്യം. മറ്റൊരു സുഹൃത്ത് ഷഹാബാസിനെ വീട്ടില്‍ നിന്നും കൂട്ടികൊണ്ടുപോവുകയായിരുന്നു. ഇതാവട്ടെ മരണത്തിന് കാരണമായ സംഭവമായി മാറി. സംഘര്‍ഷത്തിലുണ്ടായിരുന്ന താമരശ്ശേരി സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ഥികളായ 5 പേരെ കസ്റ്റഡിയിലെടുത്ത് കോഴിക്കോട് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്‍പില്‍ ഹാജരാക്കി. എന്നാല്‍,കുട്ടികള്‍ മാത്രമല്ല മുതിര്‍ന്നവരും ഷഹബാസിനെ മര്‍ദ്ദിച്ചിട്ടുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്. എന്നാല്‍, ഷഹബാസിനെ കൊല്ലുമെന്ന് പറയുന്ന വിദ്യാര്‍ഥികളുടെ ഞെട്ടിക്കുന്ന ഇന്‍സ്റ്റഗ്രാം ചാറ്റും പുറത്ത് വന്നിരിന്നു. ഷഹബാസിനെ കൊല്ലുമെന്ന് പറഞ്ഞാല്‍ കൊന്നിരിക്കുമെന്നും കൂട്ടത്തല്ലില്‍ മരിച്ചു കഴിഞ്ഞാല്‍ പ്രശ്നമില്ലെന്നും പൊലീസ് കേസെടുക്കില്ലെന്നുമാണ് ചാറ്റില്‍ പറയുന്നത്.