അറസ്റ്റില്‍ ദുരൂഹത: നിയമപരമായും രാഷ്ട്രീയമായും നേരിടും; മുഖ്യമന്ത്രി ഭീരുവെന്ന് ഷാഫി പറമ്പില്‍

Jaihind Webdesk
Tuesday, July 19, 2022

 

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.എസ് ശബരീനാഥന്‍റെ അറസ്റ്റിൽ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ എംഎൽഎ. മുഖ്യമന്ത്രി ഭീരുവാണെന്നും സംസ്ഥാനത്തെ പോലീസും സംവിധാനങ്ങളും അടിമകളെ പോലെയാണ് പ്രവർത്തിക്കുന്നത്. ശബരീനാഥിനെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ശബരീനാഥിനെ സാക്ഷിയായി വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. വ്യാജ രേഖകൾ ഉണ്ടാക്കിയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

സാക്ഷിയായി വിളിച്ചുവരുത്തിയ ആളെ ചോദ്യം ചെയ്യുന്നതിന് മുമ്പ് അറസ്റ്റ് ചെയ്യുന്നതെങ്ങനെയാണ്. രാഷ്ട്രീയമായും നിയമപരമായും നേരിടും. കേസിനെ മുഖ്യമന്ത്രിക്കെതിരായ വധശ്രമമായി ചിത്രീകരിച്ചതുപോലെ അറസ്റ്റിലും കള്ളക്കളി നടന്നു. മുഖ്യമന്ത്രി ഒരു ഭീരുവാണ്. ഇത്തരം നടപടികളിലൂടെ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരായ പ്രതിഷേധങ്ങളെ വഴിതിരിക്കാമെന്ന് ആരും കരുതേണ്ട. പാർലമെന്‍റിൽ പദാവലികൾ നിരോധിച്ച മോദിയെപ്പോലെ തനിക്കെതിരായ പ്രതിഷേധങ്ങള്‍ക്കെല്ലാം തടയിടാൻ ശ്രമിക്കുകയാണ് പിണറായി വിജയൻ. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരേക്കാള്‍ വലിയ കുറ്റം ചെയ്ത ജയരാജനെതിരെ കേസെടുക്കാത്തത് എന്താണെന്നും ഷാഫി പറമ്പിൽ ചോദിച്ചു.

അതിനാടകീയമായാണ് ശബരീനാഥന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയതായി സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയില്‍ ശബരീനാഥന്‍ നല്‍കിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് അറസ്റ്റ് വിവരം അന്വേഷണം സംഘം അറിയിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയ സമയവും രേഖകളും ഹാജരാക്കാൻ കോടതി അന്വേഷണ സംഘത്തോട് നിര്‍ദ്ദേശിച്ചു. ഹർജി പരിഗണിക്കും വരെ ശബരിനാഥനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി വാക്കാൽ നിർദേശം നൽകിയിരുന്നു. എന്നാല്‍, 10.50 നാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിക്കുകയായിരുന്നു. 11 മണിക്കാണ് സെഷൻസ് കോടതി ശബരിനാഥന്‍റെ ഹർജി പരിഗണിച്ചത്.