‘യു ടേണ്‍’ എന്നതിന് പകരം ‘പിണറായി’ അടിച്ചു; പ്രസംഗത്തില്‍ മുഖ്യമന്ത്രിയെ ട്രോളി ഷാഫി പറമ്പില്‍ | VIDEO

Jaihind News Bureau
Thursday, June 25, 2020

പ്രതിഷേധങ്ങൾക്ക് പിന്നാലെ പ്രവാസികളുടെ പ്രശ്നത്തിൽ വീണ്ടും നിലപാട് തിരുത്തിയ പിണറായി വിജയനെ ട്രോളി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ. ‘യു ടേൺ അടിച്ചു’ എന്നതിന് പകരം ‘പിണറായി വിജയനടിച്ചു’ എന്നാണ് ഷാഫി പറമ്പിൽ പ്രസംഗത്തിന്‍റെ തുടക്കത്തിൽ തന്നെ പറഞ്ഞത്. പ്രവാസികളോടുള്ള സര്‍ക്കാറിന്‍റെ ക്രൂരത അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് മുനവ്വറലി ശിഹാബ് തങ്ങൾ കോഴിക്കോട് നടത്തുന്ന ഏകദിന സത്യാഗ്രഹ സമരവേദിയിലായിരുന്നു ഷാഫി പറമ്പിലിന്‍റെ പ്രസംഗം.

പ്രവാസികളോട് പിണറായി സർക്കാർ കാണിക്കുന്ന ക്രൂരതകൾ എടുത്തു പറഞ്ഞ അദ്ദേഹം മന്ത്രി കെ.ടി ജലീലിന്‍റേയും സ്പീക്കർ ശ്രീരാമകൃഷ്ണന്‍റേയും പുറത്തുവന്ന ഓഡിയോ ക്ലിപ്പിനെ പറ്റിയും തുറന്നടിച്ചു.

തന്‍റെ സുഹൃത്തായ മനാഫ് എന്ന വ്യക്തി കെ.എം.സി.സി വിമാനത്തില്‍ വരുന്നത് നമുക്ക് മോശമാണെന്നും മറ്റേതെങ്കിലും വിമാനത്തില്‍ കയറ്റിവിടണമെന്നും സ്പീക്കർ ശ്രീരാമകൃഷ്ണൻ പറയുന്ന ഒരു ഓഡിയോ പുറത്തുവന്നിരുന്നു. വി.ടി ബൽറാം അടക്കമുള്ള കോൺഗ്രസ് നേതാക്കൾ സ്പീക്കറുടെ വാക്കുകളെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു. മുൻപ് സമാനമായ രീതിയിൽ മന്ത്രി കെ.ടി ജലീലിന്‍റേയും ഓഡിയോ വൈറലായിരുന്നു. ഇതു രണ്ടും ചേർത്തായിരുന്നു ഷാഫിയുടെ പ്രസംഗം.