“കേന്ദ്രം കക്കാനിറങ്ങുമ്പോള്‍ സംസ്ഥാനം ഫ്യൂസ് ഊരിക്കൊടുക്കുന്നു ” ; ഷാഫി പറമ്പില്‍

ഇന്ധന വില വർധനവ് സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍. ഷാഫി പറമ്പിൽ എംഎൽഎയാണ് സഭയില്‍ നോട്ടീസ് നൽകിയത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അധിക നികുതി ഒഴിവാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. നരേന്ദ്രമോദി സർക്കാർ കക്കാൻ നടക്കുമ്പോൾ ഫ്യൂസ് ഊരി കൊടുക്കുന്ന പരിപാടി സംസ്ഥാന സർക്കാർ നിർത്തണമെന്നും കോൺഗ്രസിനെ വിമർശിക്കാനുള്ള ത്വരയാണ് സർക്കാരിനെന്നും ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി.

വില കൂടിയപ്പോൾ നികുതി വേണ്ടെന്ന് മുമ്പ് ഉമ്മൻ ചാണ്ടി സർക്കാർ തീരുമാനം എടുത്തിരുന്നതായും നാല് തവണ ഇത്തരത്തില്‍ വേണ്ടെന്ന് വെച്ചതായും ഷാഫി പറമ്പില്‍ സഭയെ അറിയിച്ചു. 47 രൂപ 29 പൈസയാണ് പെട്രോളിന്‍റെ അടിസ്ഥാന വില. നിലവില്‍ 67 രൂപ നികുതി കൊടുക്കേണ്ട അവസ്ഥയാണ്. ഇത് സ്റ്റേറ്റ് സ്പോൺസേഡ് നികുതി ഭീകരതയാണ്. കോൺഗ്രസിനെതിരെ പറയുന്നതിൽ പകുതിയെങ്കിലും ബിജെപിക്കെതിരെ പറയാൻ ഭരണപക്ഷം തയ്യാറാവണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.

കൊച്ചിയിലെ കോണ്‍ഗ്രസ് സമരത്തിനെതിരായ ചലച്ചിത്ര നടന്‍ ജോജുവിന്‍റെ പ്രതിഷേധവും ഷാഫി പറമ്പില്‍ സഭയില്‍ പരാമര്‍ശിച്ചു. ജനങ്ങളുടെ വഴി തടയുന്നതിൽ ആസ്വദിക്കുന്നവരല്ല തങ്ങളെന്നും എന്നാൽ മൗനം പാലിക്കാൻ കഴിയില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

 

 

Comments (0)
Add Comment