സ്പീക്കറോട് വോട്ടഭ്യർത്ഥിച്ച് ഷാഫി പറമ്പിൽ; പ്രചാരണം കൊഴുപ്പിച്ച് യുഡിഎഫ്

Jaihind Webdesk
Saturday, March 23, 2024

 

തലശേരി: നിയമസഭാ സ്പീക്കർ എ.എൻ. ഷംസീറിനോട് വോട്ടഭ്യർത്ഥിച്ച് വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. തലശേരിയിൽ പ്രചാരണത്തിന് എത്തിയതായിരുന്നു ഷാഫി. മാർക്കറ്റും ബസ് സ്റ്റാൻഡും സർക്കാർ ആശുപത്രിയും കോടതിയും സന്ദർശിച്ച ശേഷമാണ് നഗരസഭാ കാര്യാലയത്തിൽ സ്പീക്കർ എ.എൻ. ഷംസീർ ഉള്ള വിവരം ലഭിച്ചത്. ഉടൻ തന്നെ സ്പീക്കറെ നേരിൽ കാണാനായി അവിടേക്കെത്തുകയായിരുന്നു ഷാഫി.

നഗരസഭാധ്യക്ഷ കെ.എം. ജമുനാ റാണിയുടെ ചേംബറിലെത്തി സ്പീക്കറെ നേരില്‍ കണ്ടു. കുശലാന്വേഷണങ്ങൾക്ക് ശേഷം മണ്ഡലത്തിലെ തന്‍റെ വോട്ടർ കൂടിയായ സ്പീക്കറോടും നഗരസഭാ അധ്യക്ഷയോടും ഷാഫി വോട്ടഭ്യർത്ഥിച്ചു. തലശേരി നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സ്പീക്കർക്ക് ഇതേ മണ്ഡലത്തിലെ പാറാലാണ് വോട്ടുള്ളത്. വടകര ലോക്സഭാ മണ്ഡത്തിന്‍റെ ഭാഗമാണ് തലശേരി.

ഡിസിസി സെക്രട്ടറി അഡ്വ. കെ ശുഹൈബ്, മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്‍റ് കെ.എ. ലത്തീഫ്, തലശേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ് എം.പി. അരവിന്ദാക്ഷൻ, ഡിസിസി സെക്രട്ടറി അബൂട്ടി ഹാജി, സജീവ് മാറോളി, കൗൺസിലർമാരായ ശശി മാസ്റ്റർ, എം. മോഹനൻ, പി.കെ. സോന, വി.സി. പ്രസാദ്, നസീർ എം., ടി.പി. ഷാനവാസ് തുടങ്ങിയവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.