‘സിപിഎമ്മുകാരെ സംരക്ഷിക്കാന്‍ നിത്യാനന്ദയെ പോലെ രാജ്യം പ്രഖ്യാപിക്കുന്നതായിരിക്കും നല്ലത്, ബിനീഷിന് പൗരത്വം ഉറപ്പായിരിക്കും’ ; മുഖ്യമന്ത്രിക്കെതിരെ ഷാഫി പറമ്പില്‍, കുറിപ്പ്

Jaihind News Bureau
Friday, September 4, 2020

 

ലഹരിക്കടത്തുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉയരുമ്പോഴും  സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകനെതിനെതിരെ നടപടി സ്വീകരിക്കാത്ത മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ. ആരോപണ വിധേയരിൽ പാർട്ടി സെക്രട്ടറിയുടെ മകന്‍റെ പങ്ക് തെളിവ് സഹിതം പുറത്ത് വന്ന് കൊണ്ടിരിക്കുമ്പോൾ നിയമപരമായ നടപടികൾ എടുക്കുന്നതിന് പകരം ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞ് മാറുകയാണ് പിണറായി വിജയൻ ചെയ്യുന്നതെന്ന് ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

‘തട്ടിപ്പ് കേസിലും പീഡനക്കേസിലുമൊക്കെപ്പെട്ടപ്പോൾ  സ്വന്തം രാജ്യവും കറൻസിയും റിസർവ്വ് ബാങ്കുമൊക്കെ പ്രഖ്യാപിച്ച നിത്യാനന്ദനെപോലെ , കേസിൽപെടുന്ന സിപിഎമ്മുകാരെ സംരക്ഷിക്കാൻ പിണറായി വിജയൻ ഐ പി സിയും, സി ആർ പി സിയും ഒക്കെ അട്ടത്ത് വെച്ച് ഒരു രാജ്യം പ്രഖ്യാപിക്കുന്നതായിരിക്കും നല്ലത്. ബിനീഷ് കോടിയേരിക്ക്‌ ഒരു പൗരത്വം ഉറപ്പായിരിക്കും. മുഖം നോക്കാതെ കേരളത്തിലെ മയക്ക് മരുന്ന് മാഫിയയുടെ അടിവേര് അറുക്കുന്ന നടപടിയാണാവശ്യം’- ഷാഫി പറമ്പില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

ബാറുകൾ അടച്ചത് കൊണ്ട് മയക്ക് മരുന്നിന്റെ ഉപയോഗം വർധിക്കുന്നുവെന്നും പറഞ്ഞ് , അത് തടയാനെന്ന പേരിൽ അടച്ചതിനപ്പുറവും തുറന്ന് കൊടുക്കാൻ അത്യുൽസാഹം കാണിച്ച മുഖ്യൻ ,കേരളത്തിലെ ചെറുപ്പക്കാരെ മുഴുവൻ മയക്ക് മരുന്നിൽ മുക്കാൻ ശ്രമിക്കുന്ന അതീവ ഗൗരവതരമായ കേസിനെ പറ്റി ചോദിക്കുമ്പോൾ പറയുന്നത് ആരോപണ വിധേയൻ മറുപടി പറഞ്ഞിട്ടുണ്ടല്ലോ എന്നാണ് . ആരോപണ വിധേയരിൽ പാർട്ടി സെക്രട്ടറിയുടെ മകന്റെ പങ്ക് തെളിവ് സഹിതം പുറത്ത് വന്ന് കൊണ്ടിരിക്കുമ്പോൾ നിയമപരമായ നടപടികൾ എടുക്കുന്നതിന് പകരം ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞ് മാറുകയാണ് പിണറായി വിജയൻ . തട്ടിപ്പ് കേസിലും പീഡനക്കേസിലുമൊക്കെ പെട്ടപ്പോൾ ,സ്വന്തം രാജ്യവും കറൻസിയും റിസർവ്വ് ബാങ്കുമൊക്കെ പ്രഖ്യാപിച്ച നിത്യാനന്ദനെ പോലെ , കേസിൽ പെടുന്ന സിപിഎമ്മുകാരെ സംരക്ഷിക്കാൻ പിണറായി വിജയൻ ഐ പി സിയും , സി ആർ പി സി യും ഒക്കെ അട്ടത്ത് വെച്ച് ഒരു രാജ്യം പ്രഖ്യാപിക്കുന്നതായിരിക്കും നല്ലത് . ബിനീഷ് കോടിയേരിക്ക്‌ ഒരു പൗരത്വം ഉറപ്പായിരിക്കും . മുഖം നോക്കാതെ കേരളത്തിലെ മയക്ക് മരുന്ന് മാഫിയയുടെ അടിവേര് അറുക്കുന്ന നടപടിയാണാവശ്യം .