ഡ്രഗ്സ് വ്യാപാരി പുറത്തായി: കഞ്ചാവു കേസ് പ്രതിയെ പുറത്താക്കി SFIയുടെ വെള്ളപൂശല്‍

Jaihind News Bureau
Saturday, March 15, 2025

കളമശേരി പോളിടെക്നിക് കോളേജിലെ കഞ്ചാവ് കച്ചവടം പോലീസ് കയ്യോടെ പിടികൂടിയതോടെ പ്രതിയായ എസ് എഫ് ഐ പ്രവര്‍ത്തകനെ സംഘടനയില്‍ നിന്ന് പുറത്താക്കി മുഖം രക്ഷിക്കാന്‍ വിഫല ശ്രമം. കോളജ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായ അഭിരാജിനെ സംഘടനയില്‍ നിന്ന് പുറത്താക്കിയതായി എസ്എഫ്ഐ സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു . പാര്‍ട്ടി പ്രവര്‍ത്തകര്‍ തെറ്റ് ചെയ്യുമ്പോള്‍ അവരെ സംരക്ഷിക്കുന്ന നിലപാട് സിപിഎമ്മാണ് ഇത്രയും കാലം തുടര്‍ന്നു പോന്നിട്ടുള്ളത് . എന്നാല്‍ പോലീസിന്റെ കൃത്യമായ നീക്കവും അതിന്റെ വീഡിയോ ഉള്‍പ്പടെയുള്ള തെളിവുകളുമാണ് എസ് എഫ് ഐ നേതൃത്വത്തെ പ്രതിരോധത്തിലാക്കിയത്.

കളമശ്്‌ശേരി കോളേജില്‍ ലഹരി വ്യാപാരത്തിന്റെ മൊത്ത ഏജന്റുമാരായി എസ് എഫ് ഐ മാറിയിരിക്കുന്നുവെന്നത് ആരോപണം മാത്രമല്ല, തെളിവുകളുടെ അടിസ്ഥാനത്തില്‍ പൊലീസിന്റെ വിലയിരുത്തലാണ്. ഇടതു സംഘടനകളെ കുറിച്ച് ഇത്തരം ആരോപണങ്ങള്‍ നേരത്തേയും ഉയര്‍ന്നപ്പോഴെല്ലാം അതിനെ രാഷ്ട്രീയമായും കായികമായും നേരിട്ടാണ് എസ് എഫ് ഐ കാമ്പസുകളില്‍ വിജയിച്ചത്. ഇത്തവണയും ഈ അടവുകളൊക്കെ പയറ്റിനോക്കിയ ശേഷമാണ് നടപടിയിലേയ്ക്ക് എസ് എഫ് ഐ നീങ്ങിയത്.

കെ എസ് യു നേതാക്കളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന പ്രത്യാരോപണവും എസ് എഫ് ഐ നേതാവ് പി എസ് സഞ്ജീവ് ഉന്നയിച്ചു. റെയ്ഡ് സമയത്തു ഓടി രക്ഷപ്പെട്ടവര്‍ കെ എസ് യു നേതാക്കളാണെന്ന് നേരത്തേ പ്രചരിപ്പിച്ചവര്‍ ഇന്ന് മറ്റൊരു ആരോപണവുമായി രംഗത്തു വന്നു. ഇന്നു പിടിയിലായവര്‍ക്കും രാഷ്ട്രീയ ബന്ധം ആരോപിച്ചു. എന്നാല്‍ അന്വേഷണ സംഘം ഈ വാദങ്ങള്‍ തള്ളുകയാണ്. കഞ്ചാവ് കയ്യോടെ പിടിച്ച കേസാണിതെന്നും ഇവരുടെ മെഡിക്കല്‍ പരിശോധനാ ഫലവും മുറി പരിശോധിക്കുന്ന വീഡിയോകളും പ്രതികളുടെ ബന്ധം വ്യക്തമാക്കുന്നതാണെന്ന് തൃക്കാക്കര എസിപി വ്യക്തമാക്കുന്നു.