കേരളവര്‍മ്മയില്‍ എസ്.എഫ്.ഐ വനിതാ നേതാവിന്റെ കോപ്പിയടി; ഒതുക്കിത്തീര്‍ക്കാന്‍ സി.പി.എം നേതാക്കള്‍

Jaihind Webdesk
Saturday, February 2, 2019

തൃശൂര്‍: കേരളവര്‍മ്മ കോളേജിലെ എസ്.എഫ്.ഐ നേതാവ് കോപ്പിയടിച്ച് പിടിക്കപ്പെട്ട കാര്യം പ്രിന്‍സിപ്പല്‍ യൂണിവേഴ്സിറ്റിക്ക് റിപ്പോര്‍ട്ട് ചെയ്യും. അനധികൃതമായി അഡീഷണല്‍ ഷീറ്റ് കൈക്കലാക്കിയാണ് കോപ്പിയടി. വിദ്യാര്‍ത്ഥിനിയുടെ കോപ്പിയടി പിടികൂടിയ അദ്ധ്യാപികയില്‍ നിന്നും വിശദീകരണം ലഭിച്ച ശേഷമാകും നടപടി. കഴിഞ്ഞ ദിവസം നടന്ന സിംബോളിക് ലോജിക് ആന്‍ഡ് ഇന്‍ഫര്‍മാറ്റിക്സ് (ഫിലോസഫി) പരീക്ഷയിലാണ് അഡീഷണല്‍ ഷീറ്റില്‍ ഉത്തരങ്ങള്‍ എഴുതിക്കൊണ്ടുവന്ന് വിദ്യാര്‍ത്ഥിനി കോപ്പിയടിക്കാന്‍ ശ്രമിച്ചത്. പരീക്ഷാച്ചുമതലയുണ്ടായിരുന്ന അദ്ധ്യാപിക ഇത് കൈയോടെ പിടികൂടി പ്രിന്‍സിപ്പലിനെ ഏല്‍പ്പിച്ചു. പ്രിന്‍സിപ്പല്‍ തുടര്‍ നടപടി സ്വീകരിക്കാതിരുന്നതോടെ ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന ആരോപണവുമായി വിദ്യാര്‍ത്ഥികളും അധ്യാപക സംഘടനകളും രംഗത്തെത്തിയിരിക്കുകയാണ്.

സി.പി.എം നേതാക്കള്‍ ഇടപെട്ട് സംഭവം ഒതുക്കിയെന്നായിരുന്നു ആരോപണം. ഇതറിഞ്ഞതോടെ എ.ഐ.എസ്.എഫ് നേതാക്കള്‍ പ്രിന്‍സിപ്പലിനെ സമീപിച്ചു. പ്രിന്‍സിപ്പലുമായി നടത്തിയ ചര്‍ച്ച രഹസ്യമായി ചിത്രീകരിച്ചു. വിദ്യാര്‍ത്ഥി അഡിഷണല്‍ ഷീറ്റ് തരപ്പെടുത്തി കോപ്പിയടിച്ചെന്ന് പ്രിന്‍സിപ്പല്‍ സമ്മതിക്കുന്നതായിരുന്നു എ.ഐ.എസ്.എഫ് നേതാക്കള്‍ പകര്‍ത്തിയ വീഡിയോ. കോപ്പിയടിച്ച വിദ്യാര്‍ത്ഥിനിയെ പരീക്ഷ എഴുതിക്കാന്‍ അനുവദിക്കില്ലെന്നും പ്രിന്‍സിപ്പല്‍ വീഡിയോയില്‍ പറയുന്നുണ്ട്. എ.ഐ.എസ്.എഫിന്റെ വാട്സ് ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത വീഡിയോ ചോര്‍ന്നതോടെ വൈറലായി.

എസ്.എഫ്.ഐ നേതാവിന് അഡിഷണല്‍ പേപ്പര്‍ കിട്ടിയത് എങ്ങനെയാണന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. ഗുരുതര വീഴ്ചയാണ് കോളേജ് അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും കോളേജില്‍ നടക്കുന്ന പരീക്ഷകള്‍ സുതാര്യമല്ലെന്നും സമഗ്രാന്വേഷണം നടത്തണമെന്നും വിദ്യാര്‍ത്ഥി സംഘടനകള്‍ ആവശ്യപ്പെട്ടു.