എസ്എഫ്ഐ കേരളത്തില്‍ സാമൂഹ്യ വിരുദ്ധ പ്രസ്ഥാനമായി മാറിക്കഴിഞ്ഞുവെന്നും സിപിഎം നേതൃത്വം ഇടപെട്ട് പ്രസ്ഥാനത്തെ പിരിച്ചു വിടണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. എറണാകുളം ജില്ലാ ബാര്‍ അസോസിയേഷന്റെ വാര്‍ഷിക പരിപാടിയില്‍ ഒരു സംഘം എസ്എഫ്ഐ പ്രവര്‍ത്തകര്‍ കടന്നു വന്ന് അലങ്കോലപ്പെടുത്തി സംഘര്‍ഷമുണ്ടാക്കുകയും പത്തോളം പേര് ആശുപത്രിയിലാകുകയും ചെയ്ത സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. കാസറഗോഡ് മാധ്യമങ്ങളോട് സംസാരിക്കുന്ന വേളയിലാണ് അദ്ദേഹം പ്രതികരിച്ചത്.
എറണാകുളത്ത് നടന്നത് രാഷ്ട്രീയ സംഘര്‍ഷമല്ല, സിപിഎം അനുകൂല സംഘടനയായ ആള് ഇന്ത്യ ലോയേഴ്സ് യൂണിയന് അംഗങ്ങള്‍ വരെ പരിക്ക് പറ്റി ആശുപത്രിയില്‍ കിടക്കുകയാണ്. അതിനാല്‍ ഇതൊരു രാഷ്ട്രീയപരമായ വിഷയമായി കാണാന്‍ കഴിയില്ല. സാമൂഹ്യ വിരുദ്ധ പ്രസ്ഥാനമായി എസ്എഫ്ഐ മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിലെ ക്യാമ്പസുകളില്‍ റാഗിങ് കേസ് പിടിച്ചാലും മയക്കുമരുന്ന് പിടിച്ചാലും അതെല്ലാം എസ്എഫ്ഐക്കാരാണ്. ഇവരെ കയറൂരി വിട്ടിരിക്കുകയാണെന്നും കേരളത്തിലെ ലഹരി വ്യാപനത്തിന്റെ കണ്ണികള്‍ കൂടിയാണ് ഇവരെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനയ്ക്ക് പാര്‍ട്ടി രക്ഷാകര്‍തൃത്വം നല്‍കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.