എസ്എഫ്ഐയിലെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് വിവാദത്തില്‍ രൂക്ഷ വിമർശനവുമായി കെഎസ്‌യു. എസ്എഫ്ഐ ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം നിഖില്‍ തോമസ് കായംകുളം എംഎസ്എം കോളേജില്‍ എംകോമിന് ചേരാനായി വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് സമർപ്പിച്ച സംഭവത്തെ നിസാരവത്ക്കരിക്കാനാവില്ലെന്നും വിദ്യാർത്ഥി സമൂഹത്തിന് തന്നെ അപമാനമാണെന്നും കെഎസ്‌യു സംസ്ഥാന നിർവാഹ സമിതി അംഗം സുറുമി ഷാഹുൽ പറഞ്ഞു. ഇടതു ഭരണത്തിന്‍റെ തണലിലെ ഇത്തരം പ്രവണതകള്‍ അനുവദിക്കാനാവില്ലെന്നും ശക്തമായി സമരങ്ങൾക്ക് കെഎസ്‌യു നേതൃത്വം കൊടുക്കുമെന്നും സുറുമി ഷാഹുല്‍ വ്യക്തമാക്കി.
കെഎസ്‌യു സംസ്ഥാന നിർവാഹ സമിതി അംഗം സുറുമി ഷാഹുലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:
ഇടതുപക്ഷ സർക്കാരിന്‍റെ ആഹ്വാനത്തോടുകൂടിയും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായ ആർഷോ സഖാവ് പരീക്ഷ എഴുതാതെ പാസായിട്ട് കുറച്ചുദിവസമായി…..! സഖാവിന്‍റെ പ്രിയസഖിയായ എസ്എഫ്ഐ നേതാവ് കൂടെയായ വിദ്യ ഇത്ര വലിയ ക്രിമിനൽ കുറ്റം ചെയ്തിട്ടും പ്രതിയെ ഇരുട്ടിൽ തപ്പുന്ന കേരള പോലീസിന്‍റെ സമ്പ്രദായം തുടങ്ങിയിട്ടും കുറച്ച് ദിവസമായി…
ഇതാ ഇപ്പോൾ അവസാനമായി കായംകുളം എംഎസ്എം കോളേജിൽ ഡിഗ്രിക്ക് തോറ്റ മുൻ എസ്എഫ്ഐ ഏരിയ സെക്രട്ടറിയും എസ്എഫ്ഐ ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗവും കൂടിയ ആയ നിഖിൽ തോമസ് വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് എം കോമിന് അഡ്മിഷൻ നേടി പഠനം തുടർന്നുകൊണ്ടിരിക്കുന്നു. എംഎസ്എം കോളേജ് അധികൃതരും അതിനൊത്താശ ചെയ്തു കൊടുക്കുന്ന സാഹചര്യമാണ് കണ്ടുവരുന്നത്. കെഎസ്‌യുവും എംഎസ്എഫും വിശദീകരണം ചോദിച്ചുകൊണ്ട് കോളേജ് അധികാരികൾക്ക് കൊടുത്ത പരാതി പരിഗണിച്ചിട്ടില്ലാത്ത സാഹചര്യം ആണ് ഉണ്ടായത്. വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് എം കോമിന് അഡ്മിഷൻ നേടിയ നിഖിൽ തോമസ് ഇപ്പോഴും എംഎസ്എം കോളേജിലെ വിദ്യാർത്ഥിയായി തുടരുന്നത് വിദ്യാർത്ഥി സമൂഹത്തിന് അപമാനമാണ്.
ഇടതുപക്ഷ സർക്കാർ നിങ്ങളുടെ യുവജന വിദ്യാർത്ഥി പ്രസ്ഥാനത്തിന്‍റെ വക്താക്കൾക്ക് ഇത്തരത്തിലുള്ള ഓഫറുകൾ ആണ് ചെയ്തുകൊടുക്കുന്നതെങ്കിൽ സാധാരണപ്പെട്ടവന്‍റെ മക്കൾ കഷ്ടപ്പെട്ട് പഠിച്ചു പരീക്ഷ എഴുതി വിജയിക്കാൻ ശ്രമിക്കുന്നതിന് എന്ത് അർത്ഥമാണുള്ളത്? ആരുടെ കണ്ണിലാണ് നിങ്ങൾ ചുണ്ണാമ്പു തേക്കാൻ ശ്രമിക്കുന്നത്? പുച്ഛം സഖാക്കളെ നിങ്ങളോട്. ഇങ്ങനെ തുടരാനാണ് നിങ്ങളുടെ ഉദ്ദേശമെങ്കിൽ ഇതിനെതിരെ ശക്തമായി സമരങ്ങൾക്ക് കെഎസ്‌യു നേതൃത്വം കൊടുക്കും.
സുറുമി ഷാഹുൽ
കെഎസ്‌യു സംസ്ഥാന നിർവാഹ സമിതി അംഗം