എസ്എഫ്ഐ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പിനെ തകര്‍ത്തു; നാളെ  വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത്  കെ.എസ്.യു. 

Jaihind Webdesk
Monday, June 19, 2023

കൊച്ചി: സംസ്ഥാന വ്യാപകമായി കോളേജുകളിൽ  നാളെ  വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത്  കെ.എസ്.യു.  എസ്എഫ്ഐ വ്യാജന്മാരുടെ കൂടാരമായി മാറുമ്പോഴും,  ഉന്നതവിദ്യാഭ്യാസ മേഖലയെ  തകർത്തെറിയുമ്പോഴും , സർക്കാർ മൗനം വെടിയണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് വിദ്യാഭ്യാസ ബന്ദ്.

എസ്എഫ്ഐ നേതാക്കന്മാർ കേരളത്തിൽ കുമ്പിടികളാവുന്നു പരീക്ഷ എഴുതാത്ത സംസ്ഥാന സെക്രട്ടറി പരീക്ഷ ജയിച്ചതായി കോളേജ് വെബ്സൈറ്റിൽ വരുന്നു. എം ഫിൽ പഠിക്കുന്ന എസ്എഫ്ഐ നേതാവ് വിദ്യ അതേ സമയം തന്നെ ഗസ്റ്റ് ലക്ചറർ ആയി ജോലിയെടുക്കുന്നു. എംഎസ്എം കോളേജിൽ റെഗുലർ ഡിഗ്രിക്ക് പഠിക്കുന്ന നേതാവ് കലിംഗ യൂണിവേഴ്സിറ്റിയിൽ നിന്നും പഠിച്ച സർട്ടിഫിക്കറ്റ് കിട്ടുന്നു. ഇത്തരത്തിലുള്ള കുമ്പിടിമാരെ നിലക്കുനിർത്താൻ സിപിഎം തയാറാവണമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ്‌ അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ സംഘടനാ പ്രവർത്തനത്തിന് വേണ്ടി ഉപയോഗിക്കുന്ന എസ് എഫ് ഐ നടപടി വിദ്യാർത്ഥി സമൂഹത്തോടുള്ള വെല്ലുവിളിയാണ്. കേരളത്തിലെ ബഹുഭൂരിപക്ഷം കോളേജുകളിൽ എസ് എഫ് ഐ നേതാക്കന്മാർക്ക് അഡ്മിഷൻ ലഭിക്കുന്നത് വഴിവിട്ട രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ്. ഒപ്പം നിഖിൽ സമർപ്പിച്ചത് വ്യാജ സർട്ടിഫിക്കറ്റ് അല്ലായെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പറഞ്ഞതിൽ ഗൂഡലോചനയുണ്ട്. കേരളത്തിലെ വ്യാജന്മാർക്കും നുണയന്മാർക്കും നേതൃത്വം നൽകുന്നതും സംരക്ഷിക്കുന്നതും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയാണ്.
നിഖിലിനെ സംരക്ഷിക്കുന്നതിനു വേണ്ടി ഇടപെടൽ നടത്തിയ ആർഷോയുടെ പങ്കും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പോലീസ് മേധാവിക്ക് കത്ത് നൽകിയെന്നും കെ എസ് യു സംസ്ഥാന പ്രസിഡന്റ്‌ അലോഷ്യസ് സേവ്യർ കൂട്ടി ചേർത്തു.