സംഘടനാ സ്വാതന്ത്ര്യത്തെ എസ്.എഫ്.ഐ ക്രിമിനല്‍ സംഘം ഹനിക്കുന്നു: അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്

Jaihind News Bureau
Thursday, August 7, 2025

കണ്ണൂര്‍: മാതമംഗലം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കെ.എസ്.യു യൂണിറ്റ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തിയ നേതാക്കളെ എസ്.എഫ്.ഐക്കാരും പുറമേ നിന്നുള്ള ഡിവൈഎഫ്ഐ ക്രിമിനലുകളും ആക്രമിച്ച സംഭവത്തില്‍ ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് പ്രതിഷേധിച്ചു. കെ.എസ്.യു ജില്ലാ സെക്രട്ടറി നവനീത് ഷാജിയേയും പയ്യന്നൂര്‍ കോളേജ് കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് ചാള്‍സ് സണ്ണിയേയും പോലീസ് നോക്കി നില്‍ക്കേയാണ് വളഞ്ഞാക്രമിച്ചത്.

സ്ഥലത്തെത്തിയ പോലീസ് സംഘത്തെ പോലും ഭീഷണിപ്പെടുത്തിയാണ് കെ.എസ്.യു നേതാക്കളെ അക്രമിച്ചത്. കാമ്പസുകളില്‍ മറ്റു സംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുന്ന ഫാസിസ്റ്റ് നിലപാടാണ് എസ്.എഫ്.ഐ സ്വീകരിക്കുന്നത്. എസ്.എഫ്.ഐക്ക് ആധിപത്യമുണ്ടായിരുന്ന കാമ്പസുകളില്‍ ജനാധിപത്യവിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളിലേക്ക് വിദ്യാര്‍ത്ഥികള്‍ ആകൃഷ്ടരാകുന്നതില്‍ വിറളി പിടിച്ചാണ് എസ്.എഫ്.ഐ ഇത്തരത്തില്‍ അക്രമമഴിച്ചു വിടുന്നത്. വിദ്യാലയങ്ങളിലും കലാലയങ്ങളിലും സംഘര്‍ഷം വിളിച്ചു വരുത്തുന്ന നിലപാടില്‍ നിന്ന് എസ്.എഫ്.ഐ പിന്മാറണം. അക്രമികള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ പോലീസ് തയ്യാറാകണമെന്നും അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു.