കോട്ടയം ഗാന്ധിനഗറിലെ ഗവണ്‍മെന്‍റ് നഴ്‌സിംഗ് കോളേജ് റാഗിങ് വിഷയത്തില്‍ ശക്തമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. പ്രതികളെ സംരക്ഷിക്കരുതെന്ന് അദ്ദേഹം വിമര്‍ശിച്ചു. എസ്എഫ്‌ഐ പിരിച്ചുവിടാന്‍ സിപിഎം തയാറാകണമെന്നും റാഗിങ് ആവര്‍ത്തിക്കുന്നത് സിപിഎമ്മിന്റെ സ്വജനപക്ഷപാതം മൂലമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോട്ടയം ഗവണ്മെന്റ് നഴ്‌സിംഗ് കോളേജില്‍ നടന്ന ക്രൂരമായ റാഗിംഗിന്റെ ദൃശ്യങ്ങള്‍ ഏല്ലാവരും കണ്ടതാണ്. കോട്ടയത്തു നടന്നത് വന്യമൃഗങ്ങളെ പോലും ലജ്ജിപ്പിക്കുന്ന ക്രൂരത എന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല വിമര്‍ശിച്ചിരുന്നു. കണ്ണില്ലാത്ത ക്രൂരതയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വിമര്‍ശിച്ചു. പ്രതികളില്‍ ഒരാള്‍ സി.പി.എം അനുഭാവി ആണെന്ന് വ്യക്തമാകുമ്പോള്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ അനുഭവിച്ച വേദനയുടെ ആഴം മനസ്സിലാക്കാന്‍ മുന്‍പ് നടന്നിട്ടുള്ള റാഗിങ് കഥകള്‍ തന്നെ ധാരാളം.
വയനാട് വെറ്റിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥിനെ കേരളം മറക്കാന്‍ സാധ്യതയില്ല. ഇന്നും കണ്ണീരോര്‍മയായി സിദ്ധാര്‍ഥ് നമുക്കിടയില്‍ ഒരു നോവായി നില്‍ക്കുമ്പോള്‍, ഇഞ്ചിഞ്ചായി കൊന്ന് കെട്ടിത്തൂക്കിയ കേസില്‍ പ്രതിസ്ഥാനത്ത് എസ്.എഫ്.ഐ നേതാക്കളും അതിനെ സംരക്ഷിക്കുന്ന സര്‍ക്കാരും ഉണ്ടായിരുന്നു. നാള്‍ ഇത്രയും കഴിഞ്ഞിട്ടും ഭരണപക്ഷത്തിന്റെ മേല്‍ക്കോയ്മയില്‍ കഴിയുന്ന കുട്ടി സഖാക്കളുടെ അതിക്രമങ്ങള്‍ക്കും മാറ്റമില്ലാതെ തുടരുന്നു. അതിലെ ഏറ്റവും അവസാന ഇര കോട്ടയം ഗവണ്മെന്റ് നഴ്‌സിംഗ് കോളേജിലെ ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍. ഇവിടെയും കണക്കുകളുടെ എണ്ണം അവസാനിക്കും എന്ന പ്രതീക്ഷ ഇല്ലെങ്കിലും ഇരകളുടെ കാര്യമോര്‍ക്കുമ്പോഴാണ് വേദന.