എസ്എഫ്ഐ ക്രൂരത വീണ്ടും; ആരോഗ്യകാരണങ്ങളാല്‍ രക്തം ദാനത്തിന് വിസമ്മതിച്ച വിദ്യാര്‍ത്ഥിയെ തല്ലിച്ചതച്ചു;

Jaihind Webdesk
Wednesday, March 22, 2023

തിരുവനന്തപുരം: എസ്എഫ്ഐ ക്രൂരത വീണ്ടും. ആരോഗ്യകാരണങ്ങളാല്‍ രക്തം ദാനത്തിന് വിസമ്മതിച്ച വിദ്യാര്‍ത്ഥിയെ തല്ലിച്ചതച്ചു. യൂണിവേഴ്‌സിറ്റി കോളേജിലെ ഒന്നാംവര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിക്കാണ് മര്‍ദ്ദനമേറ്റത്. അവശനിലയിലായ വിദ്യാര്‍ത്ഥിയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ആറ്റിങ്ങല്‍ സ്വദേശിയായ അറബിക് ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയോട് ഒരു രോഗിക്ക് രക്തദാനം ചെയ്യാന്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥിയോട് ആവശ്യപ്പെട്ടു. പക്ഷെ ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ കാരണം രക്തം ദാനംചെയ്യാന്‍ കഴിയില്ലെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. എതിരഭിപ്രായം ഇഷ്ടപ്പെടാത്ത എസ്എഫ്ഐ പ്രവര്‍ത്തകര്‍ തങ്ങളുടെ യൂണിറ്റ് ഓഫീസിലെത്തി കാര്യം വിശദീകരിക്കാന്‍ ആവശ്യപ്പെട്ടു. ഇതും വിസമ്മതിച്ച വിദ്യാര്‍ത്ഥിയെ ക്രൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നു. തലയിലും ശരീരമാസകലം മുറിവേറ്റ വിദ്യാര്‍ത്ഥി വീട്ടില്‍ വിശ്രമത്തിലാണ്.

തുടര്‍ പഠനത്തില്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്ന എസ്എഫ്ഐയുടെ ഭീഷണിയാല്‍  രക്ഷിതാക്കള്‍ ഇവര്‍ക്കെതിരെ പരാതി നല്‍കാന്‍ ഭയപ്പെട്ടിരിക്കുകയാണ്. സംഭവം പുറത്തറിയാതിരിക്കാന്‍ എകെജി സെന്‍ററില്‍ നിന്നും എസ്.എഫ്.ഐയില്‍ നിന്നും നേതാക്കള്‍ അനുനയവുമായ് സമീപിച്ചെന്നാണ് വിവരം.