രമ്യാ ഹരിദാസ് എം.പിയുടെ വാഹനത്തിന് നേരെ എസ്.എഫ്.ഐ ആക്രമണം ; അസഭ്യവർഷം, കൊല്ലുമെന്ന് ഭീഷണി

Jaihind News Bureau
Saturday, September 5, 2020

തിരുവനന്തപുരം : ആലത്തൂർ എം.പി രമ്യ ഹരിദാസിന്‍റെ വാഹനത്തിന് നേരെ എസ്.എഫ്.ഐ ആക്രമണം. വെഞ്ഞാറമൂട്ടിൽ വച്ച് എസ്.എഫ്.ഐ പ്രവർത്തകർ  കരിങ്കൊടിയുമായി എം.പിയുടെ വാഹനം തടയുകയായിരുന്നു. അസഭ്യവർഷത്തോടെയായിരുന്നു പ്രവര്‍ത്തകര്‍ എം.പിയുടെ വാഹനത്തിന് നേരെ ഇരച്ചെത്തിയത്. കൊല്ലുമെന്ന് ആക്രോശിച്ചതായും പരാതിയുണ്ട്.

എം.പിയുടെ വാഹനം കടന്നു വരുന്നതിനിടെ വെഞ്ഞാറമൂട്ടിൽ ധർണ നടത്തുകയായിരുന്ന എസ്.എഫ്.ഐ പ്രവർത്തകരാണ് കരിങ്കൊടിയുമായി വാഹനം തടഞ്ഞത്. പൊലീസ് നോക്കിനില്‍ക്കെയാണ്  എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ എം.പിയുടെ വാഹനം തടഞ്ഞതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

അസഭ്യവർഷം നടത്തിയതായും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും രമ്യാ ഹരിദാസ് എം.പി പറഞ്ഞു. ഒരു സ്ത്രീയെന്ന പരിഗണന പോലുമില്ലാതെ അസഭ്യവർഷവും അതിക്രമവുമാണ് പ്രവര്‍ത്തകർ നടത്തിയതെന്നും എം.പി പ്രതികരിച്ചു.