തുടർച്ചയായ സ്ത്രീപീഡന പരാതികളില്‍ വലഞ്ഞ് ഇടതുപക്ഷ മുന്നണിയും സി.പി.എമ്മും

Jaihind Webdesk
Friday, October 12, 2018

സ്ത്രീ സുരക്ഷ പറഞ്ഞ് അധികാരത്തിലേറിയ ഇടതുപക്ഷ മുന്നണിയും സി.പി.എമ്മും സ്ത്രീപീഡനങ്ങളുടെ പേരിൽ പ്രതിക്കൂട്ടിലാവുന്നു. ഷൊർണ്ണൂരിലെ പി.കെ ശശി എം.എൽ.എയുടെ കേസടക്കം കഴിഞ്ഞ സെപ്റ്റംബറിലും ഈ മാസവുമായി ഏതാണ്ട് 14 ഓളം സ്ത്രീപീഡനങ്ങളാണ് സി. പി. എമ്മിലെയും പോഷക സംഘടനയിലെയും നേതാക്കൾക്കെതിരെ ഉയർന്നു വന്നിരിക്കുന്നത്. ശശിക്കെതിരെയുള്ള കമ്മീഷൻ റിപ്പോർട്ട് പരിഗണിക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുന്ന സാഹചര്യത്തിൽ സ്ത്രീ സുരക്ഷയെന്ന മുദ്രാവാക്യം സി.പി.എമ്മിനെയും ഇടതുമുന്നണിയെയും തിരിഞ്ഞു കൊത്തുകയാണ്.

സ്ത്രീ പീഡനങ്ങളെ അമർച്ച ചെയ്യുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ സി.പി.എമ്മും ഇടതുമുന്നണിയുമാണ് സ്ത്രീ പീഡന പരാതികളിൽ ഏറ്റവും മുൻപന്തിയിലുള്ളത്. കഴിഞ്ഞ സെപ്റ്റംബറിൽ ഷൊർണൂർ എം.എൽ.എ പി.കെ ശശിക്കെതിരായ ആരോപണത്തിന് പിന്നാലെ ഏതാണ്ട് 14 സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിൽ 4 കേസുകളിൽ സി.പി.എമ്മിന്‍റെ യുവജന സംഘടനയായ ഡി.വൈ.എഫ്.ഐ നേതാക്കളാണ് പ്രതിസ്ഥാനത്തുള്ളത്. പി.കെ ശശിയുടേതടക്കം പുറത്തു വന്ന മൂന്ന് കേസുകളിൽ വാദി ഭാഗത്തും ഡി.വൈ.എഫ്.ഐ യിലെ വനിതാ നേതാക്കളാണ് ഉൾപ്പെട്ടിരിക്കുന്നത്. എന്നാൽ ആരോപണ വിധേയനായ പി.കെ ശശിയടക്കം മിക്ക നേതാക്കളും പീഡന പരാതികളെ അംഗീകരിക്കാൻ തയ്യാറാകുന്നില്ല എന്ന യാഥാർത്ഥ്യവും നിലനിൽക്കുന്നു.

കണ്ണൂർ, പത്തനംതിട്ട എന്നീ ജില്ലകളിലെ ഒരോ ലോക്കൽ സെക്രട്ടറിമാരും ലൈംഗിക പീഡന പരാതികളിൽ ഉൾപ്പെട്ടിട്ടുണ്ട്. കണ്ണൂരിൽ പഞ്ചായത്തു മെമ്പറുടെ വീട്ടിൽ നിന്നും ലോക്കൽ സെക്രട്ടറിയെ പിടികൂടിയപ്പോൾ പന്തളത്ത് പ്രവാസിയുടെ ഭാര്യയുമായുള്ള എൽ.സി സെക്രട്ടറിയുടെ ബന്ധമാണ് സി.പി.എമ്മിനെ വെട്ടിലാക്കിയത്. ഇതിനു പുറമേ വയനാട് നെൻമേനി പഞ്ചായത്ത് പ്രസിഡൻറ് പീഡനാരോപണത്തെ തുടർന്ന് രാജിവെയ്ക്കുകയും ചെയ്തു. വയനാട്, പന്തളം, തച്ചനാട്ടുകര, മണ്ണാർക്കാട് എന്നിവിടങ്ങളിൽ നടന്ന നാല് പീഡനങ്ങളും വീട്ടമ്മമാർക്കെതിരെയാണ് സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കൾ നടത്തിയിട്ടുള്ളത്.  സ്വന്തം സഹോദരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മലപ്പുറത്തെ ഡി.വൈ.എഫ്.ഐ നേതാവിന്‍റെ പേരിലും കേസ് നിലനിൽക്കുന്നു.

ഇതിനിടെ മഞ്ചേശ്വരത്ത് 13കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ ബാലസംഘം ജില്ലാ നേതാവിന്‍റെ പേരിലും സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച വി.ആർ.പുരം ബ്രാഞ്ച് സെക്രട്ടറിയുടെ പേരിലും കേസുണ്ട്. തൃത്താലയിൽ സി.പി.എമ്മിന്റെ അധ്യാപക സംഘടനയായ കെ.എസ്.ടി.എ നേതാക്കൾ ചേർന്ന് അധ്യാപികയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന ആരോപണവും പുറത്തു വന്നിട്ടുണ്ട്. ഇതിനെല്ലാം പുറമേയാണ് മുകേഷിനെതിരെ ടെസ് എന്ന യുവതി അരോപണമുന്നയിച്ചത്. ഇത് തളളി മുകേഷും രംഗത്ത് വന്നിരുന്നു

തുടർച്ചയായി സി. പി. എം നേതാക്കൾക്കെതിരെ പീഡന പരാതികൾ ഉയർന്നിട്ടും പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ളവർ പരാതികളെയും ആരോപണങ്ങളെയും നിസാരവത്ക്കരിക്കുകയാണ്

തുടർച്ചയായി പീഡന പരാതികൾ പുറത്തു വന്നിട്ടും മുഖ്യമന്ത്രിയും മുന്നണി നേതൃത്വവും പാലിക്കുന്ന മൗനം പാർട്ടിയിലും മുന്നണിയിലും ചർച്ചയായിട്ടുണ്ട്