ലൈംഗിക പീഡന പരാതി; സിവിക് ചന്ദ്രന്‍റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി റദ്ദാക്കി

Jaihind Webdesk
Wednesday, August 24, 2022

കൊച്ചി: ലൈംഗിക പീഡ‍ന പരാതിയില്‍ എഴുത്തുകാരൻ സിവിക് ചന്ദ്രന്‍റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി റദ്ദാക്കി. അതേസമയം സിവിക് ചന്ദ്രനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നി‍ര്‍ദേശിച്ചു. ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് ജാമ്യം ഇടക്കാലത്തേക്ക് സ്റ്റേ ചെയ്തത്. യുവതിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തില്‍ കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ മുന്‍‌കൂര്‍ ജാമ്യമാണ് റദ്ദാക്കിയത്. എന്നാൽ സിവിക് ചന്ദ്രനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നി‍ര്‍ദേശിച്ചു. പ്രതിയുടെ പ്രായം പരിഗണിച്ചാണ് അറസ്റ്റ് തടയുന്നതെന്നും കോടതി വ്യക്തമാക്കി.

മുന്‍കൂ‍ര്‍ ജാമ്യം അനുവദിച്ച കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ജഡ്ജിയുടെ നടപടിയെ ഹൈക്കോടതി വിമര്‍ശിച്ചു. അപ്രസക്തമായ കാരണങ്ങള്‍ പരിശോധിച്ചാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കോടതി അധികാര പരിധി ഉപയോഗിച്ചതില്‍ അപാകത ഉണ്ട്. മുന്‍കൂ‍ര്‍ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലെ വിവാദ പരാമര്‍ശങ്ങളും കോടതി സ്റ്റേ ചെയ്തു.

മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലില്‍ അന്തിമ വിധി പറയുന്നത് വരെ ജാമ്യം അനുവദിച്ചുള്ള ഉത്തരവിന് സ്റ്റേ നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി. കഴിഞ്ഞദിവസം പരാതിക്കാരിയുടെ ഹർജിയില്‍ സിവിക് ചന്ദ്രന് കോടതി നോട്ടീസ് അയച്ചിരുന്നു. മുന്‍കൂര്‍ ജാമ്യത്തിനെതിരെ മൂന്ന് ഹർജികളാണ് കോടതിയിലുള്ളത്. രണ്ടാമത്തെ കേസിലുള്ള മുന്‍കൂര്‍ ജാമ്യത്തിനെതിരായ ഹർജി ഇതുവരെ പരി​ഗണിച്ചിട്ടില്ല.