
ലൈംഗികാതിക്രമക്കേസില്‍ കുറ്റാരോപിതനായ പി.ടി. കുഞ്ഞുമുഹമ്മദിന് തിരുവനന്തപുരം ഏഴാം അഡീഷണല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ജാമ്യം അനുവദിച്ചതിനൊപ്പം കടുത്ത നിബന്ധനകളും കോടതി മുന്നോട്ടുവെച്ചിട്ടുണ്ട്. ഏഴ് ദിവസത്തിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നതാണ് പ്രധാന നിര്‍ദ്ദേശം. ചലച്ചിത്ര പ്രവര്‍ത്തക നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
ഐഎഫ്എഫ്കെയിലേക്ക് ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കിടെ ഹോട്ടല്‍ മുറിയില്‍ വെച്ച് പി.ടി. കുഞ്ഞുമുഹമ്മദ് മോശമായി പെരുമാറി എന്നാണ് പരാതിക്കാരിയുടെ ആരോപണം. എന്നാല്‍, തനിക്കെതിരെയുള്ള ഈ നീക്കം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും പരാതി അടിസ്ഥാനരഹിതമാണെന്നുമാണ് കുഞ്ഞുമുഹമ്മദ് കോടതിയില്‍ വാദിച്ചത്. അതേസമയം, പരാതിയില്‍ രാഷ്ട്രീയ പ്രേരിതമായി ഒന്നുമില്ലെന്നും മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയ നടപടിയില്‍ അസ്വാഭാവികതയില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി പോലീസിന് കൈമാറുന്നതില്‍ കാലതാമസം ഉണ്ടായതായി നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു. നവംബര്‍ 27-ന് ലഭിച്ച പരാതിയില്‍ ഡിസംബര്‍ എട്ടിനാണ് കന്റോണ്‍മെന്റ് പോലീസ് കേസെടുത്തത്. സംഭവദിവസം പരാതിക്കാരിയും പ്രതിയും ഹോട്ടലില്‍ ഉണ്ടായിരുന്നതായി പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ ശേഖരിച്ച് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പരാതിക്കാരിയുടെ രഹസ്യമൊഴി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി നേരത്തെ രേഖപ്പെടുത്തിയിരുന്നു.