ശശീന്ദ്രന് എന്‍സിപി കേന്ദ്രനേതൃത്വത്തിന്‍റെ ‘ക്ലീന്‍ചിറ്റ്’ ; രാജിവെക്കേണ്ടതില്ലെന്ന് തീരുമാനം

Jaihind Webdesk
Wednesday, July 21, 2021

ന്യൂഡല്‍ഹി : ഫോണ്‍വിളി വിവാദത്തില്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ രാജിവയ്‌ക്കേണ്ടതില്ലെന്ന് എന്‍സിപി കേന്ദ്രനേതൃത്വം. വിവാദങ്ങള്‍ ഗൗരവമായി എടുക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി നിര്‍ദ്ദേശം. എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോ, പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.

നേരത്തെ ശശീന്ദ്രനെ ന്യായീകരിച്ച് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോയും രംഗത്തെത്തിയിരുന്നു. മന്ത്രി പീഡനക്കേസില്‍ ഇടപെട്ടിട്ടില്ലെന്ന് ചാക്കോ പറഞ്ഞു. ശശീന്ദ്രൻ വിഷയം പാർട്ടിയെ പ്രതിരോധത്തിലാക്കിയിട്ടില്ല. മന്ത്രി ഇടപെട്ടത് പ്രാദേശിക പ്രശ്നത്തിന് പരിഹാരം കാണാനാണ്. ഇക്കാര്യം അദ്ദേഹം തന്നെ വിശദീകരിച്ചതാണെന്നും മന്ത്രിയോട് രാജി ആവശ്യപ്പെടേണ്ട സാഹചര്യമില്ലെന്നും പി.സി ചാക്കോ പറഞ്ഞു.

ശശീന്ദ്രന്‍ രാജിവയ്ക്കേണ്ടെന്ന് സിപിഎം നേതൃത്വവും നിലപാടെടുത്തു. മുഖ്യമന്ത്രിയും ശശീന്ദ്രനെ സംരക്ഷിച്ചു.  രാവിലെ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയോട് ശശീന്ദ്രന്‍ നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കുകയായിരുന്നു. ശശീന്ദ്രനെതിരായ പരാതി സിപിഎം വിശദമായി ചര്‍ച്ചചെയ്തില്ലെന്ന് എ.വിജയരാഘവനും പറഞ്ഞു. മന്ത്രി രാജി വയ്ക്കണമെന്ന പ്രതിപക്ഷ ആവശ്യത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കും. വിശദാംശങ്ങള്‍ മുന്നിലില്ലെന്നായിരുന്നു വിജയരാഘവന്റെ പ്രതികരണം.