ലൈംഗിക ദുരുപയോഗം തടയാനുള്ള ബോധവൽക്കരണം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം; ഹൈക്കോടതി

Jaihind Webdesk
Friday, August 26, 2022

കൊച്ചി: പോക്സോ കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ കുട്ടികൾ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെടുന്നതു തടയാനുള്ള ബോധവൽക്കരണം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ ഹൈക്കോടതി ഉത്തരവ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ പ്രതിയുടെ ജാമ്യഹർജി പരിഗണിക്കവെ ജസ്റ്റിസ് ബച്ചു കുര്യൻ തോമസാണ് നിർണായകമായ ഉത്തരവിട്ടത്.

2023-24 അധ്യയന വർഷത്തെ പാഠ്യപദ്ധതിയിൽ തന്നെ ഇത് നടപ്പിലാക്കാനാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനോടും സിബിഎസ്‍ഇയോടും കോടതിയുടെ നിർദേശം. രണ്ടു മാസത്തിനുള്ളിൽ വിദഗ്ധ സമിതി രൂപീകരിച്ച് ആറു മാസത്തിനുള്ളിൽ പാഠ്യപദ്ധതി തയാറാക്കണമെന്നാണ് ആവശ്യം. കോടതി സ്വമേധയാ സിബിഎസ്ഇ, കെൽസ, സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് എന്നിവരെ കക്ഷി ചേർത്ത് റിപ്പോർട്ട് തേടിയിരുന്നു.

വിദ്യാർഥികളുടെ പ്രായം അനുസരിച്ചായിരിക്കണം ലൈംഗികാതിക്രമം തടയുന്നതിനുള്ള വിഷയം പാഠ്യപദ്ധതിയിൽ ഉൾക്കൊള്ളിക്കേണ്ടത്. ലൈംഗീകാതിക്രമം തടയുന്നതിന്റെ ഭാഗമായി അമേരിക്കയിൽ മുൻപ് നടപ്പിലാക്കിയ എറിൻസ്‍ ലോ മാർഗ്ഗരേഖയായി ഉപയോഗിക്കാമെന്നു കോടതി ചൂണ്ടിക്കാട്ടി.