സ്കൂൾ പാചക തൊഴിലാളികളോട് കടുത്ത അവഗണന; മൂന്ന് വർഷത്തെ വേതന കുടിശിക; മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലും നടപടിയില്ല

Jaihind News Bureau
Thursday, July 30, 2020

സംസ്ഥാനത്തെ സ്കൂൾ പാചക തൊഴിലാളികളോട് സർക്കാർ കാണിക്കുന്നത് കടുത്ത അവഗണന. മൂന്ന് വർഷത്തെ വേതന കുടിശിക നൽകണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി ഉൾപ്പെടെ ഉള്ളവർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഇതിനു പുറമെയാണ് കൊവിഡ് നിയന്ത്രങ്ങളിൽ കുടുങ്ങി ജോലി പോലും നിഷേധിക്കപ്പെട്ടത്.

സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ 13,700 പാചക തൊഴിലാളികൾ ആണുള്ളത്. ഇവർക്ക് സഹായവുമായി 6300 തൊഴിലാളികൾ വേറെയും. 30 വർഷക്കാലത്തിലധികം ജോലി ചെയ്തവരും ഈ കൂട്ടത്തിലുണ്ട്. വളരെ കുറഞ്ഞ ദിവസ വേതനത്തിന് ജോലി ചെയ്യുന്ന ഇവർക്ക് യാതൊരു ആനുകൂല്യവും നൽകാൻ സർക്കാർ തയ്യാറായിട്ടില്ല. ജോലിക്കിടെ സംഭവിച്ച മരണങ്ങളിൽ പോലും സഹായം നൽകാൻ സർക്കാർ തയ്യാറാകുന്നില്ല എന്നാണ് സ്കൂൾ പാചക തൊഴിലാളി സംഘടനാ സംസ്ഥാന കമ്മിറ്റി അംഗം ടികെ ബാലഗോപാൽ പറയുന്നത്.

98 ശതമാനവും സ്ത്രീ തൊഴിലാളികൾ ഉള്ള ഈ വിഭാഗത്തിന് യുഡിഎഫ് സർക്കാരിന്‍റെ കാലത്തുണ്ടായിരുന്ന പല ആനുകൂല്യങ്ങളും നിഷേധിച്ചു. കൊവിഡ് നിയന്ത്രണങ്ങൾ കൂടി വന്നതോടെ ഒരു ലക്ഷത്തോളം വരുന്ന ഇവരുടെ കുടുംബങ്ങൾ പൂർണമായും പ്രതിസന്ധിയിലായി. ആനുകൂല്യങ്ങളും മൂന്ന് വർഷത്തെ വേതന കുടിശ്ശികയും നൽകണമെന്നാവശ്യപെട്ട് മുഖ്യമന്ത്രി, വിദ്യാഭ്യാസ വകുപ്പ് മന്ത്രി, തൊഴിൽ വകുപ്പ് മന്ത്രി തുടങ്ങി എല്ലാവർക്കും അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. പക്ഷെ നടപടി ഉണ്ടായില്ല. കൊവിഡ് നിയന്ത്രങ്ങൾ ഉള്ളത് കൊണ്ട് തന്നെ മുഖ്യമന്ത്രിക്കു കത്തയച്ചു പ്രതിഷേധിക്കാൻ ഒരുങ്ങുകയാണ് തൊഴിലാളികൾ.