ഭരണപരാജയത്തിന്‍റെയും ദുരിതങ്ങളുടെയും ഏഴാണ്ട് ; മോദി സര്‍ക്കാരിന്‍റെ വാര്‍ഷികത്തില്‍ രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ്

Jaihind Webdesk
Sunday, May 30, 2021

ന്യൂഡല്‍ഹി : ഭരണത്തില്‍ ഏഴു വര്‍ഷം പൂര്‍ത്തിയാക്കുന്ന ദിനത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ്. സമസ്ത മേഖലയിലും പരാജയപ്പെട്ട മോദി സര്‍ക്കാര്‍‍ കടുത്ത ദുരിതവും അളവില്ലാത്ത യാതനകളുമാണ് രാജ്യത്തിനും ജനങ്ങള്‍ക്കും സമ്മാനിച്ചതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. മോദി സര്‍ക്കാരിന്‍റെ തെറ്റുകള്‍ അക്കമിട്ട് നിരത്തുന്ന കുറ്റപത്രവും കോണ്‍ഗ്രസ് പുറത്തിറക്കി.

രാജ്യത്ത് കൊവിഡ് അതിരൂക്ഷമായി ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവന്‍ നഷ്ടമാക്കുന്ന അവസ്ഥയുണ്ടാക്കിയത് മോദി സര്‍ക്കാരിന്‍റെ ദീര്‍ഘവീക്ഷണമില്ലായ്മയും പിടിപ്പുകേടുമാണെന്ന് കുറ്റപത്രം പറയുന്നു. കൂടാതെ സാമ്പത്തിക രംഗത്തെ പ്രശ്‌നങ്ങള്‍, കര്‍ഷകരുടെ പ്രശ്നങ്ങള്‍, തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളും കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു. സമസ്ത മേഖലയിലും പരാജയപ്പെട്ട മോദി സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയും ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടുകയും ചെയ്തു. ബിജെപി ഭരണത്തിലെ ഏഴ് വര്‍ഷങ്ങള്‍ രാജ്യത്തിന് ദുരിതം മാത്രമാണ് സമ്മാനിച്ചതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

രാജ്യത്തെ ജനങ്ങളുടെ ദുരിതം കാണാത്ത സര്‍ക്കാരെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. കൊവിഡ് മഹാമാരിയെ നേരിടാന്‍ അര്‍ത്ഥശൂന്യമായ വാക്കുകള്‍ മാത്രം പോരാ, ഇച്ഛാശക്തിയും ശരിയായ നയങ്ങളും നിശ്ചയദാര്‍ഢ്യവുമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.