ബഫർ സോണില്‍ നിന്ന് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കും; വിവാദ ഉത്തരവ് തിരുത്തി സർക്കാർ

തിരുവനന്തപുരം : ബഫർ സോണിൽ നിന്നും ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കാൻ മന്ത്രിസഭാ തീരുമാനം. 2019 ല്‍ സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ വിവാദ ഉത്തരവാണ് തിരുത്തുക. ഒരു കിലോ മീറ്റർ വരെ ബഫർ സോൺ എന്ന 2019 ലെ ഉത്തരവ് തിരുത്താനാണ് മന്ത്രിസഭാ യോഗത്തിൽ തീരുമാനമായത്. ബഫർ സോണിൽ സുപ്രീം കോടതിയിൽ തുടർ നടപടി സ്വീകരിക്കാൻ മന്ത്രിസഭ വനം വകുപ്പിനെ ചുമതലപ്പെടുത്തി.

വനങ്ങളോട് ചേർന്നുള്ള ഒരു കിലോമീറ്റർ ചുറ്റളവ് പ്രത്യേക സംരക്ഷിത മേഖലയാക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് 2019ലാണ് ഇറക്കിയത്. ഈ ഉത്തരവിൽ ജനവാസ മേഖലയ്ക്ക് ഇളവ് ഇല്ല എന്ന പിശക് കടന്നു കൂടിയിരുന്നു. മുൻ യുഡിഎഫ് സർക്കാരിന്‍റെ നിലപാടിന് വിരുദ്ധമായാണ് ഇടതു സർക്കാർ ഈ ഭേദ​ഗതി കൊണ്ടുവന്നത്. ഇത് തിരുത്തണമെന്ന് യുഡിഎഫ് കുറേ നാളായി ആവശ്യപ്പെട്ടിരുന്നതാണ്. ജനവാസ കേന്ദ്രങ്ങളെ ബഫർ സോണിൽ നിന്ന് ഒഴിവാക്കാൻ സംസ്ഥാന ഉത്തരവ് തിരുത്താതെ സുപ്രീം കോടതിയെ സമീപിച്ചിട്ട് കാര്യമില്ലെന്ന് അഭിപ്രായം ഉയർന്നിരുന്നതിന് പിന്നാലെയാണ് ഉത്തരവ് തിരുത്തിയത്.

Comments (0)
Add Comment