കതിരൂർ മനോജ് വധക്കേസിൽ പി ജയരാജന്‍റെ അപ്പീൽ തള്ളി; പ്രതികൾക്കെതിരെ യു.എ.പി.എ ചുമത്തിയത് ശരിവെച്ച് ഹൈക്കോടതി

ആർ.എസ്.എസ് നേതാവ് കതിരൂർ മനോജ് വധക്കേസിലെ പ്രതികൾക്കെതിരെ യു.എ.പി.എ ചുമത്തിയത് ഹൈക്കോടതി ശരിവെച്ചു. സി.പി.എം നേതാവ് പി. ജയരാജൻ അടക്കമുള്ളവരുടെ ഹർജി കോടതി തള്ളി. 25 പ്രതികളാണ് യു.എ.പി.എ ചുമത്തിയതിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.

കണ്ണൂർ ജില്ലയിലെ ആർ.എസ്.എസ് ശാരീരിക് ശിക്ഷൺ ആയിരുന്ന കതിരൂർ മനോജ് 2014 സെപ്തംബര്‍ ഒന്നിനാണ് കൊല്ലപ്പെടുന്നത്. 2018ലാണ് കേസില്‍ സി.പി.എമ്മിൻ്റെ മുതിർന്ന നേതാവും അന്നത്തെ ജില്ല സെക്രട്ടറിയുമായിരുന്ന പി.ജയരാജനെതിരെ യു.എ.പി.എ ചുമത്തുന്നത്. കൊലപാതകത്തിന്‍റെ ഗൂഢാലോചനയിൽ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി ആയിരുന്ന പി.ജയരാജന് മുഖ്യപങ്കുണ്ടെന്നാണ് കുറ്റപത്രത്തിൽ സി.ബി.ഐ വ്യക്തമാക്കുന്നത്. വർഷങ്ങൾക്ക് മുൻപ് ജയരാജനെ ആക്രമിച്ചതിലുള്ള വൈരാഗ്യമാണ് ഗൂഢാലോചനയ്ക്ക് കാരണമെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്. മനോജിനെ വധിക്കാൻ ക്വട്ടേഷൻ സംഘത്തെ നിയോഗിക്കുകയായിരുന്നുവെന്നും സി.ബി.ഐ കുറ്റപത്രത്തിൽ പറയുന്നു.

സംഘം ചേർന്ന് ആക്രമിക്കൽ, ഗൂഢാലോചന, കലാപത്തിന് ആഹ്വാനം ചെയ്യൽ തുടങ്ങിയ വകുപ്പുകളാണ് സിബിഐ ചുമത്തിയിരിക്കുന്നത്. കേസിലെ ഇരുപത്തി അഞ്ചാം പ്രതിയായ ജയരാജന് പുറമെ സിപിഎം പയ്യന്നൂർ ഏരിയ സെക്രട്ടറി ടി.ഐ.മധുസൂദനൻ, തലശേരി ഈസ്റ്റ് കതിരൂർ സ്വദേശികളും പ്രദേശിക സി.പി.എം ഡി.വൈ.എഫ്.ഐ നേതാക്കളുമായ കുന്നുമ്മൽ റിജേഷ്, കട്ട്യാൽ മീത്തൽ മഹേഷ്, കുളപ്പുറത്തുകണ്ടി സുനിൽകുമാർ, കണ്ണൂർ കതിരൂർ ചുണ്ടങ്ങാപ്പൊയിൽ മംഗലശേരി വി.പി.സജിലേഷ് തുടങ്ങിയവരാണ് മറ്റ് പ്രതികൾ. സി.പി.എം കുടുംബത്തിൽ പ്പെട്ട മനോജ് ആർ.എസ്.എസ് പ്രവർത്തകനായതോടെ 1997 ൽമനോജിനെ കൊലപ്പെടുത്താൻ ശ്രമം നടന്നിരുന്നു. ഇതിനിടെ 1999ൽ പി.ജയരാജനെ വീട്ടിൽ കയറി വെട്ടികൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മനോജും പ്രതിയായി. 2009ൽ വീണ്ടും മനോജിനെ വധിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു തുടർന്ന് സി.പി.എം നേതൃത്വത്തിൻ്റെ ഗൂഡാലോചനയിൽ 2014ൽ വീട്ടിലേക്ക് പോകുന്ന വഴി മനോജിനെ കൊലപ്പെടുത്തി എന്നുമാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ.

Comments (0)
Add Comment