പാർട്ടിയെ പിടിച്ചുലച്ച് മുൻ എസ്എഫ്‌ഐ അഖിലേന്ത്യ നേതാവിന്‍റെ വെളിപ്പെടുത്തലുകള്‍ | VIDEO

Jaihind News Bureau
Wednesday, December 9, 2020

പ്രമുഖ സിപിഎം നേതാവിന്‍റെ ലൈംഗിക കേളികൾ പുറത്തറിഞ്ഞത് തന്‍റെ കുറ്റമായി ചിത്രീകരിക്കപ്പെട്ടതോടെ അനഭിമതനായ തന്നെ വേട്ടയാടുകയാണെന്ന് മുൻ എസ്എഫ്‌ഐ അഖിലേന്ത്യ നേതാവായിരുന്ന അഡ്വ വെളിയം രാജീവ്. രാജീവിന്‍റെ വെളിപ്പെടുത്തൽ ഇപ്പോൾ പാർട്ടിയെ പിടിച്ചുലയ്ക്കുകയാണ്. ലൈംഗിക അപവാദ വിവാദങ്ങൾ തുടർക്കഥയാകുന്ന സിപിഎമ്മിൽ സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി ഓഫീസ് കേന്ദ്രീകരിച്ച് നടന്ന പഴയ ഒരു അപസർപ്പക കഥ വെളിയം രാജിവിന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വീണ്ടും പുകയുന്നത്.

വെളിയം രാജിവിന്‍റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ :

ഒരു കുലംകുത്തിയുടെ ജീവിത രേഖകൾ – 1
സത്യം പറഞ്ഞാലും
നേതാവിനെ വിമർശിച്ചാലും CPM-ൽ ആരും കുലംകുത്തിയാവും. കുലം കുത്തിക്കുള്ള ശിക്ഷ മരണമാണ്.
എൻ്റെ SFI ജൂനിയർ TPചന്ദ്രശേഖരന്
അവർ നൽകിയത് അമ്പത്തിഒന്ന് വെട്ടിൻ്റെ മരണമാണ്. കള്ള ക്കേസിൽ കുടുക്കി ഒറ്റപ്പെടുത്തി നാറ്റി നാണം കെടുത്തി ആത്മഹത്യക്കുള്ള വഴി കാണിച്ചു തരികയായിരുന്നു എനിക്കുള്ള ശിക്ഷ.
തുല്ല്യതയുള്ള ഒരു ലോകം സ്വപ്നം കണ്ടാണ് 1973 ൽ SFI യിലും 1975 ൽ CPM ലും ഞാൻ ചേർന്നത്.ഇതിനിടെ അടിയന്തിരാവസ്ഥക്കെതിരേ പ്രവർത്തിച്ചതിന് രണ്ടു മാസം ജയിലിലുമായി. പുറത്തിറങ്ങിയ ഞാൻ മുഴുവൻ സമയ പ്രവർത്തകനായി,താമസം പാർട്ടി ആഫീസിലേക്ക് മാറ്റി. ചുരുക്കം കാലം കൊണ്ട് SFI യുടെ ജില്ലാ, സംസ്ഥാന,അഖിലേന്ത്യാ ഭാരവാഹിയായി. ചില സംസ്ഥാനങ്ങളുടെ ചുമതലക്കാരനുമായി. കേരളമാകെ നടന്ന് പ്രസംഗിച്ചും SFl സംഘടിപ്പിച്ചും പാർട്ടി ക്ലാസ്സുകളിൽ പഠിപ്പിച്ചും പത്ത് വർഷം.
കാര്യങ്ങൾ തകിടം മറിഞ്ഞത് പെട്ടെന്നായിരുന്നു. വിദ്യാഭ്യാസം ചെയ്തവരോട് പകയും വിദ്വേഷവുമുള്ള ഒരാൾ പാർട്ടി നേതാവായി വന്നു.
ഞാനന്ന് Phd. ക്ക് പഠിക്കുകയാണ്. നേതാവിന് എന്നോട് വെറുപ്പായിരുന്നു. അവഗണിച്ചും ഒറ്റപ്പെടുത്തിയും അയാൾ അത് തെളിയിച്ചു കൊണ്ടിരുന്നു. അയാളെ തടയാൻ ആരും തയ്യാറായില്ല. പാർട്ടി ആഫീസിനുള്ളിൽ അയാൾ നടത്തിയ ലൈംഗിക കേളികൾ പുറത്തറിഞ്ഞത് ഞാൻ മൂലമാണെന്ന് അയാൾ കരുതി. അതോടെ അയാളുടെ പക ഇരട്ടിച്ചു. ഒറ്റപ്പെടുത്തലും അവഗണനയും അസഹനീയപ്പോൾ ഞാൻ മുഴുവൻ സമയ പ്രവർത്തനം അവസാനിപ്പിക്കാനുറച്ചു.. SFI യുടെ എല്ലാ ഭാരവാഹി ത്തവും ഒഴിഞ്ഞു. എങ്കിലും CPM അംഗമായി തുടർന്നു. എൻ്റെ സഹായങ്ങളും ഉപദേശങ്ങളും തേടി വിദ്യാർത്ഥികളും യുവാക്കളും വരുന്നുണ്ടായിരുന്നു. നേതാവിനെ അത് കൂടുതൽ പ്രകോപിപ്പിച്ചു. എന്നോടുള്ള അവരുടെ സഹകരണം അയാൾ വിലക്കി. പലരേയും താക്കീതു ചെയ്തു. മുഴുവൻ സമയ രാഷ്ട്രീയം കൊണ്ട് മുടങ്ങിപ്പോയ വിദ്യാഭ്യാസം പൂർത്തിയാക്കി ഇതിനിടെ ഞാൻ അഭിഭാഷകനായി. …..
നാളെ ഭാഗം -2

ഒരു കുലംകുത്തിയുടെ
ജീവിത രേഖകൾ – 2
CPM ൽ ഗ്രൂപ്പിസം മുറുകിയത് ഇക്കാലത്താണ്. കാര്യസാധ്യക്കാരും കള്ളൻമാരും നടീനടൻമാരും പാർട്ടിയിലേക്ക് ഇരച്ചു കയറി. നേതാവിന് പിരിച്ചു കൊടുത്തും സ്വയം പിടിച്ചു പറിച്ചും അവർ ഗ്രൂപ്പു കളിച്ച് നേതാക്കൻമാരായി. നിലപാടുകളുള്ളവരെ എതിർ ഗ്രൂപ്പിലാക്കി ഓടിച്ചു വിട്ടു. എന്നെയവർ ഗ്രൂപ്പിൽ ചേർക്കാൻ ദല്ലാളുമാരെ വിട്ടു. ഒടുവിൽ അവരൊരു വിദ്യപയറ്റി.സർക്കാർ ഉദ്യോഗസ്ഥയായ, പാർട്ടിയുമായി ഒരു ബന്ധ വുമില്ലാത്ത എൻ്റെ ഭാര്യയെ ട്രാൻസ്ഫർ ചെയ്യുക. അവളെ അവർ തെക്കുവടക്ക് ട്രാൻസ്ഫർ ചെയ്തു. ഞാനവരുടെ സഹായത്തിന് ചെല്ലുമെന്ന് അവർ പ്രതീക്ഷിച്ചു. ഞാനാരുടേയും സഹായം ചോദിച്ചില്ല. പല തവണ ട്രാൻസ്ഫർ ചെയ്യപ്പെട്ട അവർ ശമ്പളമില്ലാത്ത അവധി യെടുത്തു അഞ്ച് കൊല്ലം വീട്ടിൽ നിന്നു.
എന്നെ തൊഴിൽപരമായി തകർക്കാനും ദ്രോഹിക്കാനുളള അവരുടെ പല പദ്ധതികളും ഇതിനിടെ പാളിപ്പോയി.
എന്നാൽ V.S സർക്കാർ അധികാരത്തിലെത്തിയതോടെ സ്ഥിതി മാറി. ഭാര്യയെ അവർ ദ്രോഹിക്കുമെന്ന് പേടിച്ച് അവൾ സർക്കാർ ഉദ്യോഗം രാജിവച്ചു.
അതു വരെയുള്ള ഞങ്ങളുടെ സമ്പാദ്യം പെൻഷൻ ബനിഫിറ്റ്സും കൊണ്ട് ഞങ്ങൾ കുറച്ച് ഭൂമി വാങ്ങി. വിവരം മണത്തറിഞ്ഞ ഭൂമാഫിയക്കാരായ ഗ്രൂപ്പുകാർ ആ ഭൂമി സർക്കാരിനെ കൊണ്ട് ഏറ്റെടുപ്പിച്ചു. സാമ്പത്തികമായി ഞങ്ങളെ ഇല്ലാതാക്കാനായിരുന്നു നടപടി. നോട്ടീസ് പോലും നൽകാതെ
ഭൂമി ഏറ്റെടുക്കൽ നടപടികൾ രഹസ്യമാക്കി വച്ചു. ഭൂമിക്ക് ഞങ്ങൾ നല്കിയ വിലയുടെ നാലിലൊന്നായിരുന്നു സർക്കാർ നിശ്ചയിച്ച പ്രതിഫലം. ഞങ്ങൾ കോടതിയിൽ പോയി. സുദീർഘമായ നിയമ യുദ്ധത്തിന് ഒടുവിൽ സർക്കാർ നടപടി കോടതി റദ്ദാക്കി.
ഇതിനിടെ അവരെന്നെ പാർട്ടിയിൽ നിന്ന് നീക്കി.ഞാൻ പാർട്ടിയെ വെല്ലുവിളിക്കുന്നു എന്നായിരുന്നു ചാർജ്.തർക്കം കൊടുത്ത് ഞാൻ വീണ്ടും അംഗമായി. പിന്നെയും അവരെന്നെ അംഗത്വത്തിൽ നിന്ന് ഒഴിവാക്കി. എങ്കിലും സംസ്ഥാന സെക്രട്ടറി എൻ്റെ അംഗത്വം പുന:സ്ഥാപിച്ചു തന്നു. അതോടെ പക മൂത്ത ഗ്രൂപ്പുകാർ എന്നന്നേക്കുമായി എന്നെ പുറത്താക്കാൻ വേണ്ടി ഗൂഢാലോചന നടത്തി. വ്യക്തിഹത്യ ചെയ്തും അപമാനിച്ചും ഒറ്റപ്പെടുത്തി നശിപ്പിക്കാനായിരുന്നു പദ്ധതി. അവരൊരുക്കിയ മരണക്കെണി മുറുകുന്നതറിയാതെ ഞാനും.
അവസാന ഭാഗം _ നാളെ

ഒരു കുലംകുത്തിയുടെ
ജീവിത രേഖകൾ,,3 അവസാനിക്കുന്നു.
ഗൂഡാലോചനക്കാർ തിരക്കിട്ട് ജോലി തുടങ്ങി.ഏത് കടുംകൈ ചെയ്യാനും, നിയമ വിരുദ്ധ പ്രവർത്തിക്കും കുപ്രസിദ്ധനായ ഒരു പോലീസുകാരനെ അവർ കൊല്ലത്ത് കൊണ്ടുവന്നു. കേസിൽ എന്നോട് തോറ്റ് മാപ്പിരക്കേണ്ടി വന്ന വാമനാവതാരമായ ഒരു പത്രക്കാരനേയും അവർ ഒപ്പം കൂട്ടി. അയാളുടെ പത്രത്തിൽ എനിക്ക് പുലബന്ധമില്ലാത്ത കേസിൽ ഞാൻ പ്രതിയാകാൻ പോകുന്നതായി ആദ്യ വാർത്ത വന്നു.പിന്നെ വാർത്താ പ്രളയമായി തുടർച്ചയായി ആപത്രം വ്യാജവാർത്തകളിട്ടു. പിന്നീട് മറ്റു പത്രങ്ങളും. പൊള്ളിക്കുന്ന കള്ളക്കഥകൾ. വാർത്തകൾക്കൊടുവിൽ ഒരു തട്ടിപ്പുകേസിൽ അവരെന്നെ പ്രതിയാക്കി. ഇന്ന് പത്രത്തിൽ വരുന്നത് പിറ്റേന്ന് പോലീസ് ചെയ്തു കൊണ്ടിരുന്നു.പാർട്ടിക്കാരും പത്രക്കാരും പോലീസും ചേർന്ന്.എൻ്റെ ആത്മാഭിമാനത്തെ വെട്ടിനുറുക്കി. അപമാനഭാരത്താൽ നാണംകെട്ടു പോയ ഞാൻ ലോകത്തിനു മുമ്പിൽ തലകുനിച്ചുനിൽക്കേണ്ടി വന്നു.
വിവാഹം പോലുള്ള ചടങ്ങുകളിൽ നിന്ന് ചിലരെങ്കിലും ഞങ്ങളെ ഒഴിവാക്കി.വിശുദ്ധിയോടെ ജീവിക്കാൻ എന്നെ പഠിപ്പിച്ച അധ്യാപികയും വയോധികയുമായ എൻ്റെ അമ്മ ആ വാർത്തകൾ വായിച്ചു തേങ്ങി.
ഉപവസിച്ചും ദൈവങ്ങളോട് കെഞ്ചിയും
ഭാര്യ എനിക്ക് കാവലിരുന്നു. ആത്മാഭിമാനത്തിന് മുറിവേറ്റ ഞാൻ ആത്മഹത്യ ചെയ്യുമെന്ന് പലരും ആശങ്കപ്പെട്ടു. എൻ്റെ ജഡം കടലിലോ, കായലിലോ പൊന്തുമെന്ന് സഖാക്കൾ വ്യാപകമായി പ്രചരിപ്പിച്ചു.ഇതിനിടെ അവരെന്നെ CPM .ൽ നിന്ന് ഒഴിവാക്കുകയും ചെയ്തു.
ആത്മാഭിമാനത്തിന് മുറിവേറ്റ ങ്കിലും
ഞാൻ ഒരു നേതാവിനോടും സഹായം ചോദിച്ചില്ല. ഒപ്പം പ്രവർത്തിച്ച ഏഴു പേർ അന്ന് മന്ത്രിമാരായിരുന്നു. വ്യാജവാർത്തകളും കള്ളക്കേസും എന്നെ ഏറെക്കുറെ തകർത്തു കളഞ്ഞിരുന്നു. എങ്കിലും പൊരുതാനുറച്ച ഞാൻ നിയമസഹായം തേടി. കോടതി എനിക്ക് മുൻകൂർ ജാമ്യം തന്നു. എന്നെ കോടതി വരാന്തയിലൂടെ വിലങ്ങിട്ട് പരേഡ് ചെയ്യിക്കാമെന്ന സഖാക്കളുടെ സ്വപ്നം പൊലിഞ്ഞു പോയി. എന്നിട്ടും
അവർ വിട്ടില്ല. എനിക്ക് കേസ് നൽകരുതെന്നും നൽകിയേ കേസുകൾ തിരിച്ചു വാങ്ങണമെന്നും അവർ കമ്മിറ്റി കൂടി നിർദ്ദേശിച്ചു. ഞാൻ തകർന്നു തരിപ്പണമായെന്ന് പ്രചരിപ്പിച്ചു.
തൊഴിലിൽ എന്നെ തൊടാൻ പോലും അവർക്കായില്ല. സഖാക്കൾ പ്രചരിപ്പിച്ച പോലെ ഞാൻ BJP – യിൽ ചേർന്നില്ല.
ജോലി തിരക്ക് മൂലം എനിക്ക് ആത്മഹത്യ ചെയ്യാനും കഴിഞ്ഞില്ല.
ഒരു സർക്കാരിൻ്റെയും അതിനെ നിയന്ത്രിക്കുന്ന പാർട്ടിയുടേയും സർവ്വ അധികാരശക്തിയേയും സംഹാര ശേഷിയേയും അതിജീവിച്ച് ഞങ്ങളിപ്പോഴും ജീവിച്ചിരിക്കുന്നു.
എൻ്റെ ചിന്തകളും നിലപാടുകളും ഇന്ന് പൂർണ്ണ സ്വതന്ത്രമാണ്. തലച്ചോറിലെ പ്രാണ മുകുളങ്ങൾ സജീവവും. എൻ്റെ ഏറ്റവും നല്ല പുസ്തകങ്ങൾ ഇറങ്ങിയത് ഇതിനു ശേഷമാണ് ആ രചനകൾക്ക് വൻ സ്വീകാര്യതയുണ്ട് ഇന്ന് കേരളമാകെ .
എന്നോ പണയം വച്ച ധിഷണയും സർഗ്ഗാത്മകതയും തിരിച്ചു വന്നിരിക്കുന്നു.
എന്നെ വേട്ടയാടിയവർ പലരും ഇന്നും അധികാരത്തിലുണ്ട്. അധികാരത്തിൻ്റെ മദം ആർത്തിയായി, ഭ്രാന്തായി വളർന്നപ്പോൾ അവർ ജനങ്ങളോട് യുദ്ധത്തിനിറങ്ങി.
ഇന്നവർ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി നേരിടുന്നു. അധികാരത്തിൻ്റെ ലഹരിയിൽ,കട്ടുംകവർന്നും,സ്വത്തുക്കൾ
കുന്നു കൂട്ടിയനേതാക്കൾ കേന്ദ്ര അന്വേഷണ ഏജൻസികളുട വലയത്തിലാണ്.
ഒരാളെ നശിപ്പിക്കാൻ ഏതറ്റം വരെയും പോകുന്ന CPM ചെന്നുപെട്ടിരിക്കുന്ന ഊരാക്കുടുക്കുകളിൽ നിന്ന് ആർക്കും അവരെ രക്ഷിക്കാനാവുന്നില്ല.
അതിനുള്ള രാഷ്ട്രീയ ബുദ്ധിയോ ദാർശനിക ബലമോ അവരിലില്ല.
സഹകരണ ബാങ്കിൻ്റെയോ പഞ്ചായത്തുകളുടെയോ അല്ലങ്കിൽ ഖജനാവിൻ്റെ തന്നെയോ പൂട്ട് പൊളിക്കാൻ കാത്തു നിൽക്കുന്ന അധോലോക സംഘമായി ആ പാർട്ടി മാറിയിരിക്കുന്നു.
തെരുവിൽ ചത്തുമലച്ചു കിടക്കുകയാണ്
കമ്മ്യൂണിസം. ചോര വാർക്കുന്ന അതിൻ്റെ നെഞ്ചിൽ നിന്ന് ഒരു തുണ്ട് മാംസം വെട്ടിയെടുത്ത് സ്വന്തമാക്കാൻ നിൽക്കുന്നവർ മാത്രമേ ഇപ്പോൾ അതിലുള്ളു. കമ്മ്യൂണിസം വിറ്റ് കള്ളക്കടത്തിനിറങ്ങിയ കവർച്ചക്കാർ മാത്രം..