പീഡന പരാതിയില്‍ നടന്‍ ഉണ്ണി മുകുന്ദന് തിരിച്ചടി; വിചാരണ തുടരാമെന്ന് ഹൈക്കോടതി, ഹർജി തള്ളി

കൊച്ചി: പീഡന പരീതിയില്‍ നടൻ ഉണ്ണി മുകുന്ദന് തിരിച്ചടി. കേസിൽ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലെ തുടർനടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉണ്ണി മുകുന്ദൻ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. കേസിൽ വിചാരണ തുടരാമെന്നും ഹൈക്കോടതി നിർദേശിച്ചു.

കേസ് റദ്ദാക്കേണ്ട സാഹചര്യമില്ലെന്നും ഒത്തുതീർപ്പിന് തയാറല്ലെന്നു പരാതിക്കാരി തന്നെ നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് വിചാരണ നടപടികൾക്കുള്ള സ്റ്റേ നീക്കിയ ശേഷം വിചാരണ തുടരാൻ ജസ്റ്റിസ് കെ ബാബു ഉത്തരവിട്ടത്. നേരിട്ട് ഹാജരാകുന്നതിൽനിന്ന് ഒഴിവാക്കണമെന്ന ആവശ്യം ഉണ്ണി മുകുന്ദന് മജിസ്ട്രേട്ട് കോടതിയിൽ ഉന്നയിക്കാമെന്നും കോടതി വ്യക്തമാക്കി.

2017 ൽ സിനിമയുമായി ബന്ധപ്പെട്ട ചർച്ചകള്‍ക്കായി ഉണ്ണി മുകുന്ദനെ കാണാനെത്തിയപ്പോൾ ലൈംഗികമായി ആക്രമിക്കുക, സ്ത്രീത്വത്തെ അപമാനിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ മോശമായി പെരുമാറിയെന്നാണു കോട്ടയം സ്വദേശിനിയായ യുവതിയുടെ പരാതി. കേസിൽ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. വിചാരണ പുരോഗമിക്കുന്നതിനിടെയാണ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉണ്ണി മുകുന്ദൻ ഹൈക്കോടതിയെ സമീപിച്ചത്.

കേസുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്നു പരാതിക്കാരി അറിയിച്ചിട്ടുണ്ടെന്ന് ഉണ്ണി മുകുന്ദന്‍റെ അഭിഭാഷകന്‍ അറിയിച്ചതിനെ തുടർന്ന് 2021 മേയ് 7 നു വിചാരണ നടപടികൾ 2 മാസത്തേക്കു സ്റ്റേ ചെയ്തു. തുടർന്ന് 2022 ഓഗസ്റ്റ് 22നു കേസ് ഒത്തുതീർപ്പായെന്നും നടന്‍റെ അഭിഭാഷകൻ അറിയിച്ചു. 2023 ഫെബ്രുവരിയിൽ വീണ്ടും കേസ് വന്നപ്പോഴാണു താൻ ഒത്തുതീർപ്പു കരാറിൽ ഒപ്പിട്ടിട്ടില്ലെന്നും രേഖ വ്യാജമാണെന്നും പരാതിക്കാരി അറിയിച്ചത്.

Comments (0)
Add Comment