റഫാലില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടി: സാവകാശമില്ല, ശനിയാഴ്ചയ്ക്കകം സത്യവാങ്മൂലം നല്‍കണം

Jaihind Webdesk
Tuesday, April 30, 2019

Modi-Rafale-1

റഫാല്‍ പുനഃപരിശോധനാ  ഹര്‍ജികളില്‍ ശനിയാഴ്ചയ്ക്കകം നിലപാട് അറിയിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി. എതിര്‍ സത്യവാങ്മൂലം നല്‍കാന്‍ സാവകാശം വേണമെന്ന കേന്ദ്രസര്‍ക്കാരിന്‍റെ ആവശ്യം സുപ്രീം കോടതി തളളി. കേന്ദ്രം ആവശ്യപ്പെട്ട നാലാഴ്ച സമയം അനുവദിക്കാനാവില്ലെന്ന് കോടതി അറിയിച്ചു. ശനിയാഴ്ചയ്ക്കം സത്യവാങ്മൂലം നല്‍കണം. പുനഃപരിശോധനാ ഹര്‍ജികളില്‍ സുപ്രീം കോടതി  മെയ് 6ന് വാദം കേള്‍ക്കും.

കേസില്‍ ഇന്നത്തെ വാദംകേള്‍ക്കല്‍ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രം ഇന്നലെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ഇത് കോടതി പരിഗണിച്ചില്ല. പുനഃപരിശോധനാ ഹര്‍ജികളില്‍ നിലപാട് അറിയിക്കാന്‍ നാലാഴ്ച സമയം അനുവദിക്കണമെന്ന കേന്ദ്രത്തിന്‍റെ ആവശ്യവും കോടതി അംഗീകരിച്ചില്ല. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്.

ബി.ജെ.പി വിമതരും മുന്‍ കേന്ദ്രമന്ത്രിമാരുമായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, വിനീത് ധാണ്ഡ ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിംഗ് എന്നിവരാണ് പുനഃപരിശോധനാ ഹർജി നല്‍കിയത്. റഫാല്‍ രേഖകള്‍ക്ക് വിശേഷാധികാരമുണ്ടെന്നും പുനഃപരിശോധനാഹര്‍ജികളില്‍ വാദം കേള്‍ക്കുമ്പോള്‍ ഇത് പരിഗണിക്കരുതെന്നുമുളള കേന്ദ്രസര്‍ക്കാര്‍ വാദം നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു.