ലൈഫ് മിഷൻ ക്രമക്കേടിൽ സി ബി ഐ കേസെടുത്തു; സർക്കാരിന് തിരിച്ചടി | VIDEO

Jaihind News Bureau
Friday, September 25, 2020

ലൈഫ് മിഷൻ ക്രമക്കേടിൽ സി ബി ഐ കേസെടുത്തു. കൊച്ചിയിലെ സിബിഐ കോടതിയിൽ എഫ് ഐ ആർ സമർപ്പിച്ചു. വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച സംസ്ഥാന സർക്കാരിന് സിബിഐ അന്വേഷണം കനത്ത തിരിച്ചടിയാണ്.

എഫ്.സി.ആർ.ഐ പ്രകാരമാണ് കേസ്. നിലവിൽ ആരേയും പ്രതിചേർത്തിട്ടില്ലെങ്കിലും വരുംദിവസങ്ങളില്‍ പലരെയും ചോദ്യം ചെയ്യാനും പ്രതിപ്പട്ടിക രൂപീകരിക്കാനുമാണ് സാധ്യത. വിദേശ സഹായം സ്വീകരിക്കുമ്പോൾ സംസ്ഥാന സർക്കാർ പ്രോട്ടോക്കോൾ പാലിച്ചോയെന്ന കാര്യവും കേസിലെ അഴിമതിയും സി.ബി.ഐ അന്വേഷിക്കും.

കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ലൈഫ് മിഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട് യൂണി ടാക് ബിൽഡേഴ്സിന്‍റെ എറണാകുളം-തൃശൂർ ഓഫീസുകളിൽ സിബിഐ റെയ്ഡ് നടത്തി. കരാറുമായി ബന്ധപ്പെട്ട രേഖകളാണ് പരിശോധിച്ചത്. റെഡ് ക്രസന്‍റുമായുള്ള പണം ഇടപാടിന്‍റെ രേഖകളും അന്വേഷിച്ചു. വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണ കരാർ യൂണിടാക്കിന് ലഭിച്ചതിന് പിന്നിൽ വൻ കോഴ ഇടപാടുകൾ നടന്നിട്ടുണ്ട് എന്നാണ് ആരോപണം.