ഹാരിസണ്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിന് വീണ്ടും തിരിച്ചടി

ഹാരിസണ്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയിലും തിരിച്ചടി. ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. വിഷയത്തിൽ നിയമ ലംഘനം നടന്നിട്ടുണ്ടെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

ഹാരിസണ്‍ മലയാളം പ്ലാന്റേഷന് കീഴിലുള്ള 38,000 ഏക്കര്‍ ഭൂമിയേറ്റെടുക്കാനുള്ള നീക്കം തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രിം കോടതി തള്ളിയത്. ഭൂമി ഏറ്റെടുത്ത നടപടി റദ്ദാക്കിയ ഹൈക്കോടതി നടപടി സുപ്രീം കോടതി ശരിവച്ചു. സ്‌പെഷ്യല്‍ ഓഫീസര്‍ക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം നിര്‍ണയിക്കാന്‍ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

ഹൈക്കോടതിയുടെ 204 പേജ് വിധിക്ക് എതിരെ സർക്കാർ നൽകിയ അപ്പീലിൽ 4 മിനിറ്റോളം മാത്രമാണ് കോടതി വാദം കേട്ടത്. ശേഷം ജസ്റ്റിസ്മാരായ റോഹിങ്ടൻ നരിമാൻ, ഇന്ദു മൽഹോത്ര എന്നിവർ അടങ്ങിയ ബെഞ്ച് സർക്കാരിന്റെ ഹർജി തള്ളി. വിധി ബിലീവേഴ്‌സ് ചർച്ചിന്റെ ചെറുവള്ളി എസ്റ്റേറ്റ്, പെരുവന്താനം എസ്റ്റേറ്റ്, ബിയോൺസ് തുടങ്ങി പല എസ്റ്റേറ്റ് കേസുകളെയും ബാധിക്കും.

38000 ത്തോളം ഏക്കർ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാരിന് അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടത്. അന്നത്തെ ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റേതായിരുന്നു വിധി. സര്‍ക്കാര്‍ റോബിന്‍ ഹുഡായി മാറരുതെന്ന് വിധിയില്‍ കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു. സ്‌പെഷല്‍ കമ്മീഷണറായിരുന്ന എം.ജി രാജമാണിക്യത്തിന്റെ നടപടികളാണ് കോടതി റദ്ദാക്കിയത്.

റവന്യൂ ഭൂമിയുടെ 58 ശതമാനവും ഹാരിസണ്‍ അടക്കമുള്ള വന്‍കിട എസ്‌റ്റേറ്റ് ഉടമകള്‍ അനധികൃതമായി കൈവശം വച്ചിരിക്കുകയാണെന്നും ഇത് തിരിച്ചു പിടിക്കണമെന്നുമായിരുന്നു രാജമാണിക്യം തയാറാക്കിയ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ചിലയിടത്ത് ഭൂമി തിരിച്ചു പിടിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ ഹാരിസണ്‍ മലയാളം പ്രൈവറ്റ് ലിമിറ്റഡ് നല്‍കിയ റിട്ട് ഹര്‍ജിയിലായിരുന്നു ഹൈക്കോടതി നടപടി.

harrison malayalam
Comments (0)
Add Comment